കോട്ടയം : ട്രെയിനിൽ നിന്ന് വീണ് പത്തനംതിട്ട കുമ്പനാട് ഒലശേരിയിൽ പുതുപറമ്പിൽ തോമസ് ശാമുവേലിന്റെ മകൻ ഷോൺ ജോഷ്വാ തോമസ് (28) മരിച്ചു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്‌സ്‌പ്രസിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ. തിരുവല്ലയിൽ നിന്ന് കയറിയ ഇയാൾ എറണാകുളത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റ് വാതിലിന് സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ജോയൽ, ജിജോ എന്നിവർ ചെയിൻ വലിച്ച് ട്രെയിൻ നിറുത്തി. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസ് കേസെടുത്തു.