പ്രമാടം : പ്രമാടം പഞ്ചായത്തിൽ പകർച്ചപ്പനി വ്യാപകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനി ബാധിച്ച് നിരവധി ആളുകളാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു . പനി ബാധിതർ നിരവധി തവണ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിലും ദിവസങ്ങൾക്ക് ശേഷവും ഭൂരിഭാഗം ആളുകളും രോഗമുക്തരായിട്ടില്ല. പനിയ്ക്കൊപ്പം വിട്ടുമാറാത്ത ചുമയും ശ്വാസ തടസവുമാണ് ദിവസങ്ങളായി ഇവരെ അലട്ടുന്നത്. മരുന്ന് കഴിക്കുമ്പോൾ പനിക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ചുമയും ശ്വാസതടസവും കുറവില്ലാതെ തുടരുകയാണ്.
പകർച്ചപ്പനിയുമായി തുടർച്ചയായി ചികിത്സ തേടുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാറുണ്ടെങ്കിലും ആർക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. ഇത് ആശ്വാസത്തിന് ഇട നൽകുന്നുണ്ടെങ്കിലും ഇവരുടെ രക്ത സാമ്പിളുകൾ ഉൾപ്പെടെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഈ വർഷം പനി ബാധിച്ച് ഇത്രയും ആളുകൾ ചികിത്സ തേടുന്നത് ഈ ഒരാഴ്ചക്കുള്ളിലാണെന്നതും ശ്രദ്ധേയമാണ്.
കുട്ടികൾക്ക് കൂട്ടത്തോടെ പനി.
പഞ്ചായത്തിലെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കുട്ടികൾക്ക് കൂട്ടത്തോടെ പനി സ്ഥിരീകരിച്ചു. അദ്ധ്യയനം തുടങ്ങാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഭൂരിഭാഗം കുട്ടികളും ട്യൂഷന് പോകുന്നില്ല. കുട്ടികളിൽ നിന്നും രക്ഷിതാക്കളിലേക്കും പനി പടർന്നതോടെ മിക്ക വീടുകളും പനി കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പനിയുള്ള കുട്ടികൾ വീടുകളിൽ വിശ്രമിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശങ്കവേണ്ടന്ന് ആരോഗ്യ വകുപ്പ്..
കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇപ്പോഴത്തെ പകർച്ചപ്പനിക്ക് കാരണം. കടുത്ത വേനലിന് തൊട്ടുപിന്നാലെ എത്തിയ തോരാമഴയെ തുടർന്ന് തണുപ്പ് കൂടിയത് പ്രതിരോധ ശേഷിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കി. ഇതാണ് പനി പടർന്നുപിടിക്കാൻ കാരണം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പനിക്ക് പുറമെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ആരും സ്വയം ചികിത്സാ രീതി തിരഞ്ഞെടുക്കരുത്.