അടൂർ : അടൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടം പൈതൃക മന്ദിര സംക്ഷണ പദ്ധതിയിൽ അംഗീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പഴയ കെട്ടിടങ്ങളുടെ പഴമ സംരക്ഷിച്ച് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള പദ്ധതിയാണിത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്. തുടർ നടപടികൾക്കായി പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തി. ശ്രീമൂലം തിരുനാൾ ഷഷ്ട്യബ്ദപൂർത്തി സ്മരണാർത്ഥമാണ് സ്കൂൾ സ്ഥാപിച്ചത്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ചാണ് സ്കൂളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചത്.