അടൂർ: പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് പിൻവലിക്കാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. കാറിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. നൂറനാട് ആദിക്കാട്ടുകുളങ്ങര പാലമേൽ ചാമവിള കിഴക്കേതിൽ ഷൈജു(40) നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഏഴംകുളം സ്വദേശി ജിനുരാജ് ,​ കണ്ടാലറിയാവുന്ന മൂന്നു പേർ എന്നിവർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. ബുധനാഴ്ച 3.30 ന് കെ.പി.റോഡിൽ ഏനാദിമംഗലം പുതുവലിലാണ് സംഭവം. ജിനുവിന്റെ സുഹൃത്തിനെതിരെ ഷൈജു നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കാൻ ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഷൈജു ചെല്ലാത്തതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.