തിരുവല്ല: ജാമിയ അൽ ഇഹ്സാൻ ഇസ്ലാമിക് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷവും സനദ്ദാന സമ്മേളനവും ഇന്ന് മുതൽ 26വരെ നിരണം വടക്കുംഭാഗം മർഹൂംഅമീൻ സഖാഫി നഗറിൽ നടക്കും. ഇന്ന് വൈകിട്ട് 4ന് ഉസ്താദ് സൈദലവി ഫൈസി പതാക ഉയർത്തും. തുടർന്ന് ആത്മീയസമ്മേളനത്തിന് സയ്യിദ് സൈനുദ്ദീൻ അൽബുഖാരി നേതൃത്വം നൽകും. 25ന് രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാമ്പ്. വൈകിട്ട് നാലിന് വനിതാ ക്ലാസ്. ഏഴിന് ബുർദ്ദ മജ്‌ലിസും ഇശൽവിരുന്നും. 26ന് ഉച്ചയ്ക്കുശേഷം രണ്ടിന് പണ്ഡിതസമ്മേളനം അർഷാദ് നൂറാനി കാമിൽ സഖാഫി ഉദ്ഘാടനം ചെയ്യും. 4ന് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഡോ.എ.പി.അബ്ദുൽ ഹക്കീം അസ്ഹരി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. സാന്ത്വന പദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും ചോരാത്ത വീട് പദ്ധതിയും ജൂബിലി പദ്ധതിയും ഉദ്ഘാടനവും മാത്യു ടി.തോമസ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ബിരുദപഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സനദ് ദാനവും സമ്മേളനത്തിൽ നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ മാന്നാർ അബ്ദുൾ ലത്തീഫ്, ഡോ.പി.എ.അലി അൽഫൈസി, എം. സലിം, കെ.എ.കരിം, സി.എം.സുലൈമാൻ, ടി.എം.താഹ കോയ, ഹാഫിള് ഷുഹൈബ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.