അപകടസാദ്ധ്യതയെന്ന് നാട്ടുകാർ
റാന്നി : വീതി വർദ്ധിപ്പിച്ച റാന്നി- അത്തിക്കയം റോഡിലെ ചെത്തോങ്കര- അത്തിക്കയം ഭാഗത്തെ കരികുളം സംരക്ഷിത വനമേഖലയിൽ മരക്കുറ്റി നിലനിറുത്തി കോൺക്രീറ്റ് ചെയ്തു. റോഡിന്റെ വശത്താണ് മരത്തിന്റെ കുറ്റി കോൺക്രീറ്റിന് മുകളിലേക്ക് ഉയർന്നുനിൽക്കുന്നത്. ഇതുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇതേഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തിക്ക് പലയിടത്തുമുള്ള തകരാറ് പരിഹരിക്കാതെ അതേ കെട്ടിന് മുകളിൽ കല്ല് കെട്ടി വാർക്കുകയായിരുന്നെന്നും പരാതിയുണ്ട്. റാന്നിയിൽ നിന്ന് കിഴക്കൻ മേഖലയിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത് .പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ അത്തിക്കയം, പെരുനാട്, വെച്ചൂച്ചിറ, കുടമുരുട്ടി എന്നീ ടൗണുകളുമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമലയുടെ മറ്റൊരു പ്രധാന ഉപവഴിയാണ്. ശബരിമല സീസൺ കാലത്ത് ഇതുവഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.
നേരത്തെ ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിച്ച റോഡിന് വീതി വളരെ കുറവാണ്. പലഭാഗങ്ങളിലും കൊടും വളവുകളും മൺതിട്ടകളുമാണ് . റോഡിന്റെ വീതി കൂട്ടുക, വളവുകൾ നിവർക്കുക, വശങ്ങൾ കെട്ടി സംരക്ഷിക്കുക, ഓടകൾ നിർമ്മിക്കുക, അപകട സൂചനാബോർഡുകൾ സ്ഥാപിക്കുക, ഇന്റർലോക്ക് കട്ടകൾ പാകുക തുടങ്ങിയവയ്ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കുറഞ്ഞത് 10 മീറ്റർ വീതിയിൽ റോഡ് പുനരുദ്ധരിക്കാനാണ് ലക്ഷ്യം. പക്ഷേ പലഭാഗത്തും ആളുകൾ സ്ഥലം വിട്ടുനൽകാത്തത് തടസമാണ്.
------------------
5.80 കോടി രൂപ ചെലവിൽ നവീകരണം