മല്ലപ്പള്ളി: കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ് ആളുകൾ ചികിത്സയിൽ കഴിയുന്ന കോട്ടാങ്ങലിൽ വീണ്ടും കുറുക്കന്റെ ജഡം കണ്ടെത്തി. ഇന്നലെ രാവിലെ 5.30 ന് പള്ളിയിലേക്ക് നിസ്കരിക്കാൻ പോയ ആളാണ് ജഡം കണ്ടത്.
ജനപ്രതിനിധികൾ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതോടെ വൈകിട്ട് അവർ സ്ഥലത്തെത്തി. വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി . വലിയകാവ് വനാതിർത്തിയോട് ചേർന്ന പ്രദേശമായ കോട്ടാങ്ങൽ പഞ്ചായത്തിലെ ഊട്ടുകുളം, നെടുമ്പാല , മലമ്പാറ മേഖലകളിൽ ഞായറാഴ്ച വൃദ്ധയും അന്യസംസ്ഥാന തൊഴിലാളിയും ഉൾപ്പെടെ എട്ട് പേരെയും വളർത്തു മൃഗങ്ങളെയും കുറുക്കൻ ആക്രമിച്ചിരുന്നു. വനംവകുപ്പിന്റെയും ദ്രുതകർമ്മ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആക്രമണകാരിയെന്ന് കരുതുന്ന കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഡിസീസ് സെന്ററിൽ നടത്തിയ പരിശോധനയിൽ കുറുക്കന് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ കടിയേറ്റവർക്കും മറ്റും പേ വിഷബാധയുടെ വാക്സിൻ എടുത്തു. ഇതിന് പിന്നാലെയാണ് മറ്റൊരു കുറുക്കന്റെ ജഡം കണ്ടെത്തിയത്. .കാടുമൂടിയ പ്രദേശത്ത് കാട്ടുപന്നികളുമുണ്ട്. ഊട്ടുകുളം, നെടുമ്പാല, കിടാരിക്കുഴി, നിർമ്മലപുരം, പന്നയ്ക്കപ്പതാൽ, ചിരട്ടോലി, മാരങ്കുളം, ചുട്ടുമൺ പ്രദേശങ്ങളിൽ കുറുക്കൻമാർ ഏറെയുണ്ടെന്നും ഇരുട്ടുവീണാൽ ഇവയുടെ ഒാരിയിടൽ കേൾക്കാമെന്നും നാട്ടുകാർ പറഞ്ഞു.
..........
എൻ.ആർ.ഇ.ജി മേറ്റുമാരുടെ യോഗത്തിൽ പേവിഷബാധയെപ്പറ്റി ബോധവത്കരണം നടത്തി. പ്രഥമ ശുശ്രൂഷകളെ സംബന്ധിച്ച് പരിശീലനം നൽകി. നായ്കളിലും മറ്റ് മൃഗങ്ങളിലും രോഗം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾക്ക് മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.
പ്രദീപ്.ബി.പിള്ള
ഹെൽത്ത് ഇൻസ്പെക്ടർ
-----------------
നേരത്തെ കുറുക്കന്റെ കടിയേറ്റത് 9 പേർക്ക്