പത്തനംതിട്ട: പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ഒാട്ടോറിക്ഷ ഡ്രൈവർ ചന്ദനപ്പളളി അശ്വതിഭവനിൽ പ്രസാദിന് ഇന്നലത്തെ ദിവസം പുനർജന്മം പോലെ. ഒാട്ടോറിക്ഷ ഇരുപത്തഞ്ചടി താഴ്ചയുള്ള കൊക്കയിലേക്ക് തലകീഴായി മറിയാതെ ബ്രേക്കിൽ ചവിട്ടിപ്പിടിച്ചിരുന്നത് ഒന്നര മണിക്കൂർ. ഒടുവിൽ, ഫയർഫോഴ്സ് വാഹനം വരുന്ന സൈറൺ കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് മരണം മുന്നിൽ കണ്ട് ഒാട്ടോയിലിരിക്കുന്ന പ്രസാദിനെ കണ്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഒാട്ടോറിക്ഷയിൽ വടംകെട്ടി വലിച്ചും തള്ളിയും പ്രസാദിനെ രക്ഷപെടുത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ പത്തനംതിട്ടയിൽ നിന്ന് വൃദ്ധരായ രണ്ടുപേർ പ്രസാദിനെ ഒാട്ടം വിളിച്ചു. മേക്കൊഴൂർ പേഴുംകാട്ടെ വീട്ടിലേക്കാണ് യാത്ര പോകേണ്ടിയിരുന്നത്. അവിടേക്ക് നീണ്ട കയറ്റമാണ്. കോൺക്രീറ്റ് ചെയ്ത റോഡിലൂടെ കുത്തുകയറ്റം. ഒാടിക്കിതച്ച ഒാട്ടോറിക്ഷ എൻജിൻ ഒാഫായി നിന്നു പോയി. ഇനി മുന്നോട്ടു പോകില്ലെന്ന് കണ്ട് യാത്രക്കാർ ഇറങ്ങി ഒാട്ടോക്കൂലി പ്രസാദിന് നൽകി വീട്ടിലേക്ക് കയറിപ്പോയി. റോഡിന്റെ വലതുവശാത്തായിരുന്നു കൊക്ക. ഒാട്ടോ സ്റ്റാർട്ടാക്കി തിരിക്കാൻ അൽപ്പം പിന്നാേട്ട് എടുത്തപ്പോഴേക്കും തെന്നി മാറി. പിൻവശം കോൺക്രീറ്റ് റോഡിൽ നിന്ന് കൊക്കയുടെ അരികിലേക്ക്. ഒന്നു തിരിഞ്ഞു നാേക്കിയ പ്രസാദിന്റെ നെഞ്ചിടിച്ചു. അഗാധ ഗർത്തം പോലെ. ബ്രേക്കിൽ ചവിട്ടിയില്ലായിരുന്നെങ്കിൽ താൻ ഒാട്ടോറിക്ഷയുമായി കൊക്കയിലേക്ക് മറിയുമായിരുന്നുവെന്ന് പ്രസാദ് പറഞ്ഞു.
ചാറ്റൽ മഴയത്ത് ഒാലിയിൽ നിന്ന് വെള്ളം വീഴുന്നതുകൊണ്ട് പ്രസാദ് ഒാട്ടോറിക്ഷയിലിരുന്ന് ഹോണടിച്ചത് അടുത്ത വീട്ടുകാർ കേട്ടില്ല. എന്തു ചെയ്യണമെന്നറിയാത വിഷമിച്ച് ഒരു മണിക്കൂറിലേറെ ബ്രേക്കിൽ ചവിട്ടിയിരുന്ന് കാൽ വേദനിച്ചു. ഫോണിൽ ഫയർഫോഴ്സിന്റെ നമ്പരുണ്ടായിരുന്നു. വിളിച്ചപ്പോൾ കിട്ടിയത് റാന്നി സ്റ്റേഷനിൽ. അപകടാവസ്ഥയറിഞ്ഞ് പ്രസാദിന് ധൈര്യം പകർന്ന് അവർ പത്തനംതിട്ട സ്റ്റേഷനിൽ അറിയിച്ചു. അസിസ്റ്റന്റ് ഫയർ ഒാഫീസർ എ.സാബു, സീനിയർ ഫയർ ഒാഫീസർ എസ്.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നരയോടെ ഫയർഫോഴ്സ് സംഭവസ്ഥലത്ത് കുതിച്ചെത്തി. സൈറൺ ശബ്ദംകേട്ട് നാട്ടുകാരും ഒാടിയെത്തി. ഒന്നിച്ചുള്ള രക്ഷാപ്രവർത്തനത്തിൽ ദുരന്തം ഒഴിവായി. മുപ്പത്താറ് വർഷമായി ഒാട്ടോറിക്ഷ ഒാടിക്കുന്ന പ്രസാദ് നേരിട്ട ആദ്യത്തെ അപകടമായിരുന്നു ഇത്. ഭാര്യ ജയ ആശാവർക്കാറാണ്. മകൾ അജയ് ബിസിനസ് നടത്തുന്നു. മകൾ : അശ്വതി.