പത്തനംതിട്ട: ഒന്നിനു പിറകെ ഒന്നായ അപകടങ്ങളും തീപിടുത്തവും. പത്തനംതിട്ട ഫയർഫോഴ്സിന് ഇന്നലെ വിശ്രമമുണ്ടയില്ല. ആളപായങ്ങളുണ്ടാകാതിരുന്നത് ആശ്വാസമായി. ചന്ദനപ്പളളി ഭാഗത്ത് ആഞ്ഞിലിമരം റോഡിന് കുറുകെ വീണുവെന്ന് രാവിലെ ഒൻപത് മണിയോടെ ഒരു ഫോൺകോൾ. അവിടെയെത്തി മരം മുറിച്ചുമാറ്റുന്നതിനിടെയാണ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഒരാൾ കുഴഞ്ഞു വീണുവെന്ന ഫോൺ വന്നത്. ഒരു സംഘം അങ്ങോട്ടു പോയി. ഉച്ചകഴിഞ്ഞപ്പോൾ മോക്കൊഴൂരിൽ ഒാട്ടോറിക്ഷ കൊക്കയുടെ അപകടത്തിൽ പെട്ട വിവരം ലഭിച്ചു. ഒരു സംഘം അവിടെ രക്ഷാ പ്രവർത്തനത്തിന് പോയപ്പോഴാണ് നാലരയോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വാകമരം വീണത്. പാർക്ക് ചെയ്തിരുന്ന നാല് സ്കൂട്ടറുകൾക്കു മുകളിലായിരുന്നു മരം. ശിഖിരിങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് വാഹനങ്ങൾ എടുക്കാനായത്.