തിരുവല്ല: അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി. താലൂക്കിൽ 115 സ്‌കൂൾ വാഹനങ്ങളാണുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 40 വാഹനങ്ങൾ പരിശോധിച്ച് സാക്ഷ്യപത്രം നൽകി. ജി.പി.എസ്, വേഗത നിയന്ത്രിക്കുന്നതിനായി സ്‌പീഡ് ഗവർണർ തുടങ്ങി 34 നിർദ്ദേശങ്ങൾ പാലിച്ചുവേണം വാഹനങ്ങൾ പരിശോധനയ്ക്ക് എത്തിക്കേണ്ടത്. ഈ വർഷം മുതൽ വിദ്യാവാഹൻ ആപ് രജിസ്റ്റർ ചെയ്യണമെന്നുമുണ്ട്. വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന സ്‌കൂൾ വാഹനം സംബന്ധിച്ച വിവരങ്ങൾ ഈ ആപ്പിലൂടെ രക്ഷിതാക്കൾക്ക് ലഭ്യമാകും. വാഹനങ്ങൾ തുകലശേരിയിലെ ബോധന ട്രെയിനിംഗ് സെന്ററിന് സമീപത്തെ ടെസ്റ്റ് ഗ്രൗണ്ടിലാണ് പരിശോധിക്കുന്നത്.