കോന്നി: തണ്ണിത്തോട് മുണ്ടോമൂഴിയിൽ നിന്ന് മണ്ണിറയ്ക്ക് പോകുന്ന റോഡിന്റെ വശങ്ങളിലെ കെട്ടുകൾ ഇടിഞ്ഞ് അപകട ഭീഷണി . അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് മണ്ണിറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് ഇതുവഴിയാണ്. റോഡിന് വീതി കുറവാണ്. കനത്ത മഴ പെയ്യുന്നതിനാൽ ഭാരം കയറിയ വാഹനങ്ങൾ വരുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന് സംശയമുണ്ട്. മുണ്ടോമൂഴി മുതൽ മണ്ണീറ ഫോറസ്റ്റ് സ്റ്റേഷൻ വരെ ഒരു കിലോമീറ്റർ ദൂരം വനം വകുപ്പിന്റെ റോഡും ബാക്കിയുള്ള ഭാഗം പഞ്ചായത്ത് റോഡുമാണ്. മണ്ണീറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ഒരു വശം മുഴുവൻ കൊക്കയാണ്. കൊക്കയിൽ കാട് വളർന്നുനിൽക്കുന്നതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുവരുന്ന വിനോദസഞ്ചാരികൾക്ക് കൊക്ക കാണാൻ കഴിയുന്നില്ല. വീതി കുറവുള്ള റോഡായതിനാൽ രണ്ടു വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. കഴിഞ്ഞയാഴ്ച മണ്ണീറ ഈറചപ്പാത്തിന് സമീപം ലോഡ് കയറ്റിവന്ന വലിയ ലോറി ഇടിച്ച് പോസ്റ്റ് ഒടിഞ്ഞ് ഒരാഴ്ച പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ ഗതാഗതവും ബുദ്ധിമുട്ടാണ്. റോഡിന് വീതികൂട്ടി വശങ്ങൾ കെട്ടി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.