റാന്നി : കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ മണിയാർ ഡാമിന്റെ ഷട്ടറുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. രണ്ടു വർഷം മുമ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കി ഡാമിന് സ്ഥാപിക്കാനുള്ള ഷട്ടറുകൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെങ്കിലും പഴകിയ ഷട്ടറുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ഇതുവരെയും നടപടികളായിട്ടില്ല. വേനൽമഴയോടൊപ്പം ന്യൂനമർദ്ധവും ശക്തി പ്രാപിച്ചതോടെ ഡാമിലേക്ക് ദിവസവും ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും പമ്പാ തീരത്ത് താമസിക്കുന്ന ജനങ്ങളുടെ ആശങ്കയും ഒരുപോലെ വർദ്ധിച്ചുവരികയാണ്. അഞ്ചു ഷട്ടറുകളുള്ള ഡാമിന്റെ ഒന്നും മൂന്നും ഷട്ടറുകൾ ഉയർത്താൻ വളരെ പ്രയാസമാണ്, രണ്ടും, നാലും ഷട്ടറുകൾ മാത്രമാണ് ഒരുവിധം കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നത്. അഞ്ചാമത്തെ ഷട്ടർ 2018 ലെ പ്രളയത്തിൽ അൽപ്പം തെന്നി മാറി ഇരിക്കുന്നതിനാൽ പൂർണമായും തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മഹാ പ്രളയാനന്തരം കാലപ്പഴക്കം ചെന്ന അഞ്ചു ഷട്ടറുകളും മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുക്കുകയും 2022 ജൂലായിൽ കൊൽക്കത്ത ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് 6 കോടി രൂപയ്ക്ക് ടെൻഡർ നൽകുകയും ചെയ്തിരുന്നു. ഇതിനു ശേഷം കമ്പനി ഷട്ടറുകൾ മണിയാറിൽ എത്തിച്ചു എന്നല്ലാതെ മറ്റു പണികൾ ഒന്നും നടന്നില്ല. പമ്പാ ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമായ മണിയാർ ഡാമിന്റെ ചുമതല ഇറിഗേഷൻ വകുപ്പിനാണ്. കരാർ കമ്പനിയെക്കൊണ്ട് മഴ എത്തും മുമ്പ് ഷട്ടറുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാതിരുന്നത് വീഴ്ച്ചയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കരാർ കമ്പനിയെക്കൊണ്ട് തന്നെ സെപ്റ്റംബറിന് മുമ്പ് ഷട്ടർ മാറ്റി സ്ഥാപിക്കുമെന്നുമാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്.
-----------------------
മഴ വെള്ളത്തിനൊപ്പം മണിയാറിലേക്ക് ഒഴുകിയെത്തുന്നത്
രണ്ടു സ്വകാര്യ ജല വൈദ്യുത പദ്ധതികളിലെ വെള്ളം
കൃത്യമായ ഇടവേളകളിൽ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കിൽ
പെരുനാട് മുതൽ അപ്പർ കുട്ടനാട് വരെയുള്ള ജനങ്ങളെ ബാധിക്കും