ചെങ്ങന്നൂർ: ജലാശയങ്ങളിൽ മുങ്ങിമരിക്കുന്നതിലേറെയും വിദ്യാർത്ഥികൾ തന്നെ. കുട്ടികൾക്ക് വെള്ളം കാണുമ്പോൾ കുളിക്കാൻ ഇറങ്ങാൻ താൽപര്യം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. എന്നാൽ മരണപ്പെട്ടുകഴിയുമ്പോൾ നഷ്ടം മാതാപിതാക്കൾക്കാണ്. ഭാവിയിലെ പൗരനെന്ന നിലയിൽ സമൂഹത്തിനും വലിയ നഷ്ടമാണ്. മഴുക്കീർ ഊരാട്ട് വീട്ടിൽ രാജേഷിന്റെയും ജയശ്രിയുടെയും മകൻ അക്ഷയ് ആർ.പിള്ള (16) ആണ് ഏറ്റവും ഒടുവിലായി മുങ്ങിമരിച്ചത്. പമ്പാനദിയിലെ ഇരമല്ലിക്കര തട്ടാവിളത്ത് കടവിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. അക്ഷയും സുഹൃത്ത് മിഥുനും അക്ഷയുടെ അച്ഛന്റെ സഹോദരീ പുത്രൻ അനന്തുവും കൂടിയാണ് കുളിക്കാൻ പോയത്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുന്ന അക്ഷയെ മറ്റ് രണ്ടുപേരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തിരുമൂല സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വവൺ വിദ്യാർത്ഥി ആയിരുന്നു അക്ഷയ്. കഴിഞ്ഞ മാസം 29ന് പെരുമ്പാവൂരിൽ നദിയിൽ ചെങ്ങന്നൂർ സ്വദേശിനി ജോമോൾ മുങ്ങിമരിച്ച സംഭവവുമുണ്ടായി. ഇത്തരം മരണങ്ങൾ ഒഴിവാക്കാൻ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണമെന്ന് വർഷങ്ങളായി സർക്കാരിനോട് മുങ്ങൽ വിദഗ്ധർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇതിന് തടസം സൃഷ്ടിക്കുന്നത്.
നീന്തൽ പരിശീലനം ഉള്ളത് ചുരുക്കം സ്കൂളുകളിൽ
വിരലിലെണ്ണാവുന്ന സ്വകാര്യ സ്‌കൂളുകളിൽ മാത്രമാണ് നീന്തൽ പരിശീലനമുള്ളത്. പത്തിലധികം സ്വകാര്യ നീന്തൽ അക്കാദമികൾ ജില്ലയിൽ ഉണ്ടെങ്കിലും ഫീസ് സാധാരണക്കാർക്ക് താങ്ങാനാകാത്തതാണ്. പ്രതിമാസം അയ്യായിരം രൂപ വരെയാണ് സ്ഥാപനങ്ങൾ ഈടാക്കുന്നത്. വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകാൻ സർക്കാർ തയാറാകണമെന്നാണ് രക്ഷിതാക്കൾ കാലങ്ങളായി ആവശ്യപ്പെടുന്നത്. ട്രെയിനർമാരുടെ ഫീസും നീന്തൽക്കുളം അടക്കമുള്ള സൗകര്യങ്ങളുമാണ് സർക്കാരിന് മുന്നിലുള്ള പ്രശ്‌നങ്ങൾ. പാഠ്യപദ്ധതിയിൽ നീന്തൽപഠനം ഉൾപ്പെടുത്തണമെന്ന ആവശ്യം നവകേരളസദസിൽ വരെ ഉന്നയിക്കപ്പെട്ടതാണ്.