പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ സിനിമാ തിയേറ്ററിന്റെ രണ്ടാംനിലയിൽ നിന്ന് വീണ് ജീവനക്കാരനായ കൊട്ടാരക്കര നെല്ലിക്കുന്ന് മാവേലി ശ്രിപദ്മം വീട്ടിൽ ഭരത് ജ്യോതി (21) മരിച്ചു. വ്യാഴാഴ്ച രാത്രി 11.45 നാണ് സംഭവം. ഉടൻതന്നെ സുഹൃത്തുക്കളും സെക്യുരിറ്റി ജീവനക്കാരനും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രൊജക്ടർ മുറിയിൽ ഭരത് ഉറങ്ങിക്കിടക്കുന്നത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ടിരുന്നു. പിന്നീട് പുറത്തിറങ്ങി ജനലിൽക്കൂടി ഷെയ്ഡിലേക്ക് ഇറങ്ങുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇവിടെയിരുന്ന് ഭരത് ഫോൺ വിളിക്കാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. മഴപെയ്ത ശേഷമായതിനാൽ പായലിൽ കാൽ വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്മകുമാർ, സിന്ധു ദമ്പതികളുടെ ഏകമകനാണ്. സംസ്കാരം പിന്നീട്.