പന്തളം : റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികളെ ദുരിതത്തിലാക്കി. മഴ കനത്തതോടെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും വെള്ളക്കെട്ട് അതിരൂക്ഷമാണ്. പന്തളം നഗരസഭയിലെ നിരവധി വാർഡുകളിൽ അപ്രോച്ച് റോഡിന്റെ അശാസ്ത്രീയ നിർമ്മാണം റോഡിൽ വെള്ളക്കെട്ടായി മാറ്റി. കടക്കാട് ജംഗ്ഷനിൽ നിന്ന് വേദി ജംഗ്ഷനിലുള്ള പ്രധാന പാതയിൽ വാഹനയാത്രയും കാൽനട യാത്രയും ദുഷ്‌കരമായിരിക്കുകയാണ്. നഗരസഭയിലെ 7, 8 എന്നി വാർഡുകൾ കടന്നുപോകുന്ന പ്രദേശമാണ്. ഈ റോഡിന്റെ ഇരുവശങ്ങളിലായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി നൂറുക്കണക്കിനാളുകളാണ് ഇതിലൂടെ കടന്നുപോകുന്നത്. അധികൃതർ ഇടപെട്ട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കി പ്രദേശവാസികളുടെ യാത്ര സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.