1
എഴുമറ്റൂർ പഞ്ചായത്തിലെ കാരമല അടിവാരത്തിലെ അഞ്ചാനിൽ വെള്ളച്ചാട്ടം.

മല്ലപ്പള്ളി : മഴതിമിർത്തുപെയ്തതോടെ അരുവികളും നീർച്ചാലുകളും ജലസമൃദ്ധമായി. സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ എഴുമറ്റൂർ പഞ്ചായത്തിലെ അഞ്ചാനിൽ വെള്ളച്ചാട്ടത്തിലും ജലത്തിന്റെ വരവ് വർദ്ധിച്ചു. 70 അടി ഉയരത്തിൽ നിന്നും തെളിനീർ താഴേക്കു പതിക്കുകയാണ്.

തട്ടുതട്ടുകളായുള്ള പാറക്കെട്ടിലൂടെ ശുദ്ധജലം നുരഞ്ഞൊഴുകുന്ന കാഴ്ച കാണുന്നതിനും കുളിക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി നിരവധി സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്. കാരമല മലങ്കോട്ടക്കാവിന്റെ അടിവാരത്തു നിന്നും ഉത്ഭവിക്കുന്ന 7ചാലുകൾ അഞ്ചാനിലിൽ സംയോജിച്ചാണ് ഈ വെള്ളച്ചാട്ടം. പാറക്കെട്ടുകളിലൂടെയുള്ള കയറിയിറക്കം അപകടം നിറഞ്ഞതാണ്. അലക്ഷ്യമായ കാൽവയ്പുകൾ അഗാധഗർത്തങ്ങളിലെ പാറക്കൂട്ടങ്ങളിലേക്ക് പതിക്കുന്നതിനും ഇടയാക്കും.

തെളിനീർ പ്രവാഹം 6 മാസം

വർഷത്തിൽ ഏറിയാൽ 6 മാസം വരെ നീളും നീർച്ചാലുകളിലൂടെയുള്ള ഈ തെളിനീർ പ്രവാഹം. ഇവിടെ നിന്നും ജലം വാളക്കുഴിത്തോട്ടിലേക്കാണ് നിറഞ്ഞ് ഒഴുകുന്നത്. അവിടെ നിന്നും കോമളം പാലത്തിന് സമീപം മണിമലയാറ്റിൽ ലയിക്കുന്നു.എഴുമറ്റൂർ , പുറമറ്റം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന വാലാങ്കര- അയിരൂർ റോഡിൽ ശാന്തിപുരം ജംഗ്ഷനിൽ നിന്നും കാരമല റോഡിൽ 350 മീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

...........................

7ചാലുകൾ അഞ്ചാനിലിൽ സംയോജിക്കുന്ന വെള്ളച്ചാട്ടം.

.........................

70 അടി ഉയരത്തിൽ നിന്നും തെളിനീർപ്രവാഹം