റാന്നി: മഴ ശക്തി പ്രാപിച്ചതോടെ പെരുന്തോട് കരകവിഞ്ഞ് ബ്ലോക്കുപടി - കോഴഞ്ചേരി റോഡിലെ പുതുമൺ താത്കാലിക പാലത്തിൽ വെള്ളം കയറി ജനം ദുരിതത്തിലായി. പഴയ പാലത്തിന് ബലക്ഷയം നേരിട്ടതിനാൽ പാലം അടച്ചിരിക്കുകയാണ്.ഇതുവഴി ചെറുവാഹനങ്ങൾക്ക് മാത്രമെ സഞ്ചരിക്കാനാവു. ബസ് സർവീസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് കടന്നു പോകാനാണ് താത്കാലിക പാലം നിർമ്മിച്ചത്. ഇത് പൂർത്തിയാക്കാനും മാസങ്ങൾ എടുത്തിരുന്നു. ഇപ്പോൾ പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ സമീപന റോഡിനും ബലക്ഷയം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.
ദുരിതത്തിലാകുന്നത് ജനങ്ങൾ
വേനൽമഴയ്ക്ക് പിന്നാലെ കാലവർഷം കൂടെ എത്തുന്നതോടെ വിദ്യാർത്ഥികൾ അടക്കം ആയിരക്കണക്കിന് ആളുകളാണ് കഷ്ടത അനുഭവിക്കേണ്ടത്. പുതിയ സ്ഥിരം പാലത്തിന് ജനപ്രതിനിധികളുടെ ശക്തമായ ഇടപടലാണ് ആവശ്യം.
ഗതാഗത നിരോധിച്ചു
കനത്ത മഴയിൽ പുതുമൺ താത്കാലിക പാലത്തിൽ വെള്ളം കയറിയതുമൂലം ഗതാഗതം നിരോധിച്ചു. രാവിലെ പാലത്തിലേക്ക് വെള്ളം കയറിയതറിഞ്ഞു സ്ഥലത്തെത്തിയ റാന്നി പൊലീസ് വാഹനങ്ങൾ കടന്നു പോകാതെ തടഞ്ഞിരുന്നു. പമ്പാ നദിയിലെ വെള്ളം ഉയരുന്നതനുസരിച്ചു ഇനിയും പാലം കൂടുതൽ മുങ്ങാൻ സാദ്ധ്യത ഉള്ളതിനാൽ ഇതുവഴി വീപ്പ വച്ച് ഗതാഗതം പൂർണമായും നിരോധിച്ചു. കീക്കൊഴൂർ ജംഗ്ഷന് മുമ്പ്പൊലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. ഗതാഗത നിരോധനം ഉള്ളതിനാൽ കീക്കൊഴൂർ പേരൂച്ചാൽ പാലത്തിലൂടെ മറുകരയിൽ എത്തി ചെറുകോൽപ്പുഴ വഴി കോഴഞ്ചേരിക്കും ബ്ലോക്കുപടിവഴി റാന്നി റോഡിലേക്കും എത്താൻ കഴിയും.
............................
പുതിയ പാലം: അനുമതിക്കായി കാത്തിരിപ്പ്
പുതിയ സ്ഥിരം പാലത്തിന്റെ മണ്ണ് പരിശോധന പൂർത്തീകരിച്ച് എസ്റ്റിമേറ്റും ഡിസൈനും സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് 2.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സർക്കാരിൽ പുതിയ പാലത്തിന് സമർപ്പിച്ചിരിക്കുന്നത്.
.................................
വേനൽമഴയിൽ തന്നെ താത്കാലിക പാലത്തിൽ ഗതാഗതം സാദ്ധ്യമാകുന്നില്ലെങ്കിൽ വരുന്ന കാലവർഷം അതിജീവിക്കാൻ ഈ പാലത്തിനു കഴിയുമോ എന്നത് ചോദ്യ ചിഹ്നമാണ്. അടിയന്തരമായി എത്രയും വേഗം പുതുമണ്ണിൽ സ്ഥിരം പാലം നിർമ്മിക്കണം.
കൊച്ചുമോൻ കീക്കൊഴൂർ
(നാട്ടുകാരൻ)
............................
പുതിയപാലത്തിന് 2.5 കോടി രൂപയുടെ എസ്റ്റിമേറ്റ് നൽകി