ksrtc
കെ.എസ്.ആർ.ടി.സി ടെർമിനലിനുള്ളിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടത്തിനകത്ത് പാർക്കിംഗ് യാത്രക്കാ‌ർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരുമാണ് ഇത്തരത്തിൽ വാഹനം കെട്ടിടത്തിനുള്ളിൽ പാർക്ക് ചെയ്തിട്ട് ജോലിക്ക് പോകുന്നത് . പൂട്ടികിടക്കുന്ന കടമുറികൾക്ക് മുമ്പിലാണ് വാഹനങ്ങളുടെ പാർക്കിംഗ്. മഴ കൂടി ആയതിനാൽ ഇപ്പോൾ പാർക്കിംഗ് കൂടിയിട്ടുമുണ്ട്. കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷൻ മുതലാണ് പാർക്കിംഗ് ആരംഭിക്കുന്നത്. പണി തീരാത്ത ഭാഗങ്ങളിലെല്ലാം ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. പാർക്കിംഗിനെങ്കിലും പ്രയോജയപ്പെടട്ടെയെന്നാണ് ചില ഉദ്യോഗസ്ഥരുടെ മൗനാനുമതിയിൽ തെളിയുന്നത്. ലേലത്തിൽ പോയെങ്കിലും ഇതുവരെ പണം നൽകിയവർക്ക് കടമുറി നൽകിയിട്ടില്ല. നഗരസഭ കടമുറിയ്ക്ക് ഇതുവരെ നമ്പർ പോലും നൽകിയിട്ടില്ല. ഫയർഫോഴ്സിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് ഇതുവരെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനലിന് ലഭിക്കാത്തതാണ് കാരണം. നിലവിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് കാലാവധിയും അവസാനിച്ചിരിക്കുകയാണ്.

മോഷണം പതിവ്

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബൈക്ക് മോഷണം പോകുന്നത് പതിവായതോടെയാണ് കെട്ടിടത്തിനകത്ത് കടമുറികളുടെ മുമ്പിൽ വാഹനങ്ങൾ പാർക്കിംഗ് തുടങ്ങിയത്. കംഫർട്ട് സ്റ്റേഷൻ വഴിയുള്ള സ്ലോപ്പിൽ കൂടിയാണ് ബൈക്ക് കെട്ടിടത്തിനകത്തേക്ക് കടക്കുന്നത്. ഈ സ്ലോപ്പ് ഭിന്നശേഷിക്കാർക്കായി നിർമ്മിച്ചിരിക്കുന്നവയാണ്. ടെർമിനലിന്റെ മുമ്പിലും സ്ലോപ്പ് നിർമ്മിച്ചിട്ടുണ്ട്., ഇതുവഴിയാണ് ഇരുചക്രവാഹനങ്ങൾ കടമുറികളിലും കെ.എസ്.ആർ.ടി.സി കെട്ടിടത്തിന്റെ വരാന്തകളിലും എത്തുന്നത്.

അധികൃതർ ശ്രദ്ധിക്കാറില്ല


പൊലീസ് എയ്ഡ് പോസ്റ്രിലെ ഉദ്യോഗസ്ഥരും വാഹനങ്ങൾ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നതിനെ എതിർക്കാറില്ല. എയ്ഡ‌് പോസ്റ്റിൽ പലപ്പോഴും പൊലീസ് ഉണ്ടാവാറില്ലെന്ന് യാത്രക്കാർ പറയുന്നു.

സ്ഥിരം യാത്രക്കാരിയാണ്. ഇവിടെ രാവിലെ വയ്ക്കുന്ന വാഹനങ്ങൾ രാത്രിവരെ ഇവിടെയുണ്ടാകും. അധികൃതർ ആരും ഇടപെടുന്നത് കണ്ടിട്ടില്ല. വരാന്തയിൽ കൂടി വാഹനം വരുമ്പോൾ ആളുകൾക്കത് ബുദ്ധിമുട്ടാകാറുമുണ്ട്.

ശ്രീകുമാരി

സ്ഥിരം യാത്രക്കാരി