അടൂർ : കഴിഞ്ഞ മഴക്കാലത്ത് തകർന്ന മതിലുമായാണ് കിഴക്കുപുറം ഹയർ സെക്കൻഡറി സ്കൂൾ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കുന്നത്. ഒരു വർഷം പിന്നിട്ടിട്ടും മതിൽ പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും ഇപ്പോഴും റോഡിൽ തന്നെയുണ്ട്. അവശേഷിക്കുന്ന മതിലിന്റെ ഭാഗവും ഏത് നിമിഷവും നിലംപൊത്താം. മഴയിൽ മതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണാൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. സ്കൂൾ തുറക്കുന്നതോടെ റോഡിൽ വാഹനങ്ങളുടെയും കാൽനട യാത്രക്കാരുടെയും തിരക്ക് വർദ്ധിക്കും. കുട്ടികളുടെയും നാട്ടുകാരുടെയും സുരക്ഷ മുൻനിറുത്തി തകർന്ന മതിൽ പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചാൽ മാത്രമേ മതിൽ നിർമ്മാണം സാദ്ധ്യമാകു.
മതിൽ പണിയാൻ ജില്ലാ പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വൈകാതെ പണി പൂർത്തിയാക്കും. റോഡിന്റെ അപകടാവസ്ഥ എത്രയും വേഗം പരിഹരിക്കും.
സി.കൃഷ്ണകുമാർ,
ജില്ലാ പഞ്ചായത്തംഗം, ഏനാത്ത് ഡിവിഷൻ
പണം അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ടെൻഡർ നടപടികൾ നടത്താൻ സാധിക്കും. ഈ അദ്ധ്യായന വർഷത്തിന്റെ ആദ്യം തന്നെ മതിൽ പണി പൂർത്തിയാക്കും.
രാജി പി.രാജപ്പൻ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്