ചെങ്ങന്നൂർ: അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ സ്‌പെഷ്യൽ ട്രെയിനുകൾ കൂട്ടത്തോടെ നിറുത്തലാക്കി റെയിൽവേ. കഴിഞ്ഞ ദിവസം സർവീസ് ജൂലൈ വരെ ദീർഘിപ്പിച്ച സ്‌പെഷ്യൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ഇത്തരത്തിൽ ആറ് ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാൽ സർവീസുകൾ റദ്ദാക്കി എന്നാണ് റെയിൽവേ നൽകിയിട്ടുള്ള വിശദീകരണം. ഭൂരിഭാഗം സ്‌പെഷ്യൽ ട്രെയിനുകളിലും യാത്രാ നിരക്കാണ് അവസരം മുതലെടുത്ത് റെയിൽവേ ഈടാക്കുന്നത്. ഇത് പലപ്പോഴും സാധാരണ നിരക്കിന്റെ മൂന്ന് ഇരട്ടി വരെയാണ്. ഇതാണ് യാത്രക്കാർ സമ്മർ സ്‌പെഷ്യൽ ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണം. അശാസ്ത്രീയമായ സമയക്രമീകരണമാണ് മറ്റൊരു കാരണം. യാത്രക്കാർക്ക് ഉപകാര പ്രദമായ രീതിയിൽ അല്ല മിക്ക സ്‌പെഷ്യലുകളുടെയും സമയം നിശ്ചയിച്ചിരിക്കുന്നത്. കൊച്ചുവേളി എസ്.എം. വി.ടി ബംഗളൂരു പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ ലോകമാന്യതിലക് കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ ട്രയിൻ ,പകൽ സർവീസ് നടത്തുന്ന വണ്ടികളിൽ പൂർണമായും സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്തിയിരിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭൂരിഭാഗംസ്‌പെഷ്യലുകളിലും ഒന്നോ രണ്ടോ ജനറൽ കോച്ചുകൾ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ഇവ അംഗപരിമിതർക്കായി സംവരണം ചെയ്തവയാണ്.

പാൻട്രികാറുകൾ ഏർപ്പെടുത്തിയിട്ടില്ല

സ്‌പെഷ്യൽ സർവീസുകളിൽ ഒന്നിൽപ്പോലും പാൻട്രികാറുകൾ ഏർപ്പെടുത്തിയിട്ടില്ല. ദീർഘദൂര യാത്രികർ ഇതുകാരണം വെള്ളവും ഭക്ഷണവും അടക്കം കിട്ടാതെ വലയുകയാണ്. എല്ലാസ്‌പെഷ്യൽ ട്രെയിനുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് മണിക്കൂറുകൾ വൈകിയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത അപ്രധാന സ്റ്റേഷനുകളിൽ അസമയത്ത് സ്‌പെഷ്യൽ ട്രെയിനുകൾ മറ്റ് സ്ഥിരം വണ്ടികൾ കടന്നുപോകാൻ മണിക്കൂറുകൾ നിറുത്തിയിടുന്നതും പതിവാണ്. ഇക്കാരണങ്ങളാലാണ് സമ്മർ സ്‌പെഷ്യൽ ട്രെയിനുകളെ ആശ്രയിക്കാൻ യാത്രക്കാർ വിമുഖത കാട്ടുന്നത്.

..............................

ട്രെയിൻ ചാർജ് മാറുന്നതും സമയത്തിന്റെ അശാസ്ത്രീയതയും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അധികൃതർ ഇടപെട്ട് വേണ്ട

പരിഹാരം കാണണം.

സജികുമാർ

(യാത്രക്കാരൻ)​

--------------------------

6 ട്രെയിനുകൾ റദ്ദാക്കി