ചെങ്ങന്നൂർ: ഫലപ്രഖ്യാപനത്തിന് ഒൻപത് ദിവസങ്ങൾ മാത്രം ശേഷിക്കെ അവസാനവട്ട കണക്ക് കൂട്ടലും പൂർത്തിയാക്കി ജൂൺ നാലിലേക്ക് കാത്തിരിക്കുകയാണ് മാവേലിക്കരയിൽ മുന്നണികൾ.പോളിംഗ് ശതമാനം കുറഞ്ഞതിൽ കടുത്ത ആശങ്ക തന്നെ മുന്നണികൾക്ക് ഉണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ ചെയ്യിച്ചിട്ടുണ്ടെന്ന ജാമ്യമെടുക്കലാണ് പുറമേക്ക് പുലർത്തുന്നത്. അതേസമയം കുറഞ്ഞ പോളിംഗ് ശതമാനം സംബന്ധിച്ച ചർച്ചകളാണ് ഇരുമുന്നണികളെയും കീഴ്ഘടകങ്ങളിൽ മുതൽ വെട്ടിലാക്കിയിരിക്കുന്നത്. എൻ.ഡി.എയ്ക്ക് വിവിധ ഇടങ്ങളിൽ ഉണ്ടായ മുന്നേറ്റങ്ങളും ഇടതിനെയും വലതിനെയും ആശങ്കപ്പെടുത്തുന്നു. എൽ.ഡി.എഫിനെ സംബന്ധിച്ച് സി.പി.ഐയുടെ സ്ഥാനാർത്ഥിക്ക് വേണ്ട പിൻതുണ സി.പി.എം കേന്ദ്രങ്ങളിൽ നിന്ന് പോലും ലഭിച്ചില്ല. പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളിൽ അടക്കം കേഡർ വോട്ടുകൾ പോലും പൂർണമായി ചെയ്യാൻ സാധിച്ചിട്ടില്ല. ഇത് വോട്ട് നിലയിൽ തിരിച്ചടിയാകുമെന്നാണ് കണക്ക് കൂട്ടൽ. എന്നാൽ തങ്ങളുടെ വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ടെന്ന കണക്ക് നിരത്തി സി.പി.ഐയുടെ സംസ്ഥാന സമിതി വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിൽ നിരാശയാണ്. വിവിധ ഏജൻസികളും ചാനലുകളും പ്രവചിക്കുന്ന വിജയം ഉറപ്പാണെന്ന മട്ടിലാണ് സി.പി.ഐ നേതാക്കളുടെയും അണികളുടെയും പരസ്യമായ പ്രതികരണങ്ങൾ. വലത് പക്ഷത്തും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് തന്നെയാണ് കണക്കുകൾ പറയുന്നത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ അടക്കം നിർജീവമായാണ് പ്രവർത്തിച്ചത്. സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനെതിരെയുള്ള ഭരണ വിരോധവും ഒരുവിഭാഗം പ്രവർത്തകരെ പിന്നോട്ടടിച്ചു. കൊടിക്കുന്നിൽ മറ്റാർക്കും അവസരം നൽകാത്തതും അണികളിൽ തുടക്കം മുതൽ അമർഷം സൃഷ്ടിച്ചിരുന്നു. എ.ഐ.സി.സി തലത്തിൽ പിടിയുള്ളതുകൊണ്ടാണ് വീണ്ടും സീറ്റിൽ മത്സരിക്കാൻ സാഹചര്യമൊരുക്കിയതെന്നാണ് ഒരുവിഭാഗം പറയുന്നത്. പത്തുതവണ ഇലക്ഷനിൽ മത്സരിച്ചിട്ടും മറ്റാർക്കും അവസരം നൽകാത്തതിൽ പ്രധാന പങ്ക് കൊടിക്കുന്നിലിന് തന്നെയാണെന്ന വാദം കോൺഗ്രസിൽ ശക്തമായുണ്ട്. ഇത് കാരണം തന്നെ ബൂത്ത് തലങ്ങളിൽ പോലും നേതാക്കൾ അടക്കം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അതേസമയം ഏറെ പ്രതീക്ഷയാണ് ഇത്തവണ എൻ.ഡി.എ മുന്നോട്ടുവയ്ക്കുന്നത്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി ബൈജു കലാശാലയാണ് മണ്ഡലത്തിൽ മത്സരിച്ചത്. താഴെതട്ടിൽ നിന്നും ഉയർന്നുവന്ന സാധാരണക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന് മികച്ച സ്വീകരണമാണ് പ്രചരണത്തിൽ കണ്ടത്. കൊടിക്കുന്നിൽ സുരേഷ് 47000 ഭൂരിപക്ഷം കിട്ടുമെന്ന് കേരള കൗമുദിയോട് പറഞ്ഞു.
........................
മാവേലിക്കര ലോക്സഭ മണ്ഡലം.
. ചങ്ങനാശേരി , കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം