മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് പ്രദേശത്തെ റോഡുകളിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇരുചക്ര വാഹനയാത്രക്കാരും, കാൽനടക്കാരും. കല്ലൂപ്പാറ ,പുറമറ്റം, മല്ലപ്പള്ളി, എഴുമറ്റൂർ പഞ്ചായത്തുകളിലാണ് റോഡുകളിൽ മഴയിൽ കനത്ത വെള്ളക്കെട്ട് ഉണ്ടാകുന്നത്. മഴയിൽ ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. വെള്ളംഒഴുക്കികളയുന്നതിന് സംവിധാനമില്ലാത്തതാണ് വാഹന,കാൽ നടയാത്രക്കാരെയും ദുരിതത്തിലാക്കുന്നത്. കല്ലൂപ്പാറ പഞ്ചായത്തിലെ അടുത്തിടെ ആധുനിക നിലവാരത്തിൽ നവീകരിച്ച കോമളം - മല്ലപ്പള്ളി റോഡിൽ കോമളം ആറ്റുകടവിൽപ്പടിയ്ക് സമീപത്തെ വളവിൽ മഴയിൽ രൂപപ്പെട്ടത് മുട്ടിനൊപ്പമെത്തുന്ന വെള്ളക്കെട്ടാണ്. ഇവിടെ റോഡ് ഉയർത്തി കോൺക്രീറ്റിംഗ് നടത്തിയെങ്കിലും വെള്ളം ഒഴുകുന്നതിനുള്ള സംവിധാനമില്ല. താലൂക്കിലെ മല്ലപ്പള്ളി, കല്ലൂപ്പാറ ,പുറമറ്റം എന്നീ മൂന്ന് പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയിൽ
102. 89 കോടി രൂപ ചിലവഴിച്ച് 2023 മാർച്ചിൽ നവീകരണം പൂർത്തിയാക്കിയ റോഡിനാണ് ഈ ദുരവസ്ഥ നേരിടുന്നത്. പുറമറ്റം പഞ്ചായത്തിലെ പ്രവേശന കവാടത്തിലെ വെള്ളക്കെട്ടാണ് ഗുണഭോക്താക്കളെയും ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നത്.
മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിലും വെള്ളക്കെട്ട്
മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇവിടെ ബസ് കയറുവാൻ എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ചെളിയിൽ കുളിച്ചാണ് പലപ്പോഴും യാത്ര തുടരുന്നത്. എഴുമറ്റൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ചെറുകോൽപ്പുഴ -പൂവനക്കടവ് റോഡിൽ കിളിയൻ കാവിന് സമീപത്ത് രണ്ടിടങ്ങളിലായിട്ടുള്ള വെള്ളക്കെട്ട് വാഹന യാത്രീകരെയും കാൽ നടക്കാരെയും ദുരിതത്തിലാക്കുന്നു. നവീകരണം പാതി വഴിയിൽ നിലച്ചെങ്കിലും പദ്ധതിയുടെ തുടർ നടപടികൾ ആരംഭിക്കുമ്പോൾ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികളും യാത്രക്കാരും.
..................................................
വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം
(പ്രദേശവാസികൾ)
........................
102. 89 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡ്