തിരുവല്ല: 'ഫേസ് ഒഫ് തിരുവല്ല' എന്ന ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ മൂന്നാമത് വീട് പായിപ്പാട് പള്ളിക്കച്ചിറ കാരുകോട്ടാൽ തകിടിയിൽ വീട്ടിൽ കെ.ജി.സാജുമോൻ - സരിത ദമ്പതികൾക്ക് കൈമാറി. ഫേസ് ഒഫ് തിരുവല്ലയുടെ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാകുന്നത്. മകന് ആറ് വയസുള്ളപ്പോൾ വീട്ടമ്മ സരിതയ്ക്ക് ആമവാതം പിടിപെട്ട് നിരവധി ചികിത്സകൾ നടത്തിയെങ്കിലും ഫലംകണ്ടില്ല. 12വർഷമായി സരിത കിടപ്പുരോഗിയായതോടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർന്നു. കുടുംബത്തിനു താങ്ങായിയിരുന്ന ഭർത്താവ് സാജുമോന് പ്രമേഹരോഗം പിടിപെട്ട് കാൽപ്പാദം മുറിച്ചുമാറ്റേണ്ടിവന്നു. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ്ജ് ആയശേഷം താലൂക്ക് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ് സാജു. പുതിയ വീട്ടിലേക്ക് ആവശ്യമായ ഫർണീച്ചറുകളും ഗൃഹോപകരണങ്ങളും സരിതയ്ക്ക് വീൽചെയറും ഫെയ്സ്ഒഫ് തിരുവല്ല ഫൗണ്ടേഷൻ പ്രവർത്തകർ വാങ്ങി നൽകി. ഈകൂട്ടായ്മയുടെ പ്രസിഡന്റ് ക്ലാരമ്മ കൊച്ചിപ്പൻ മാപ്പിള വീടിന്റെ താക്കോൽദാനം നിർവഹിച്ചു. പ്രവാസിയായ നിബുമാരേറ്റ് തോമസാണ് വിദേശത്തിരുന്ന് ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. സെക്രട്ടറി സിബി തോമസ്, സലിം,മനോജ് മാത്യു, വിൻസെന്റ് മാത്യു, വിദ്യ അനിൽ, ബിജു, ഡോ.ശീതൾ മനോജ്, ഷിൽജ ദയാനന്ദൻ, സലീന, ബിന്ദു ബിനു, ജെഫിൻ, ലിബിൻ എന്നിവർ സംസാരിച്ചു.