27-achenkovilar
അച്ചൻകോവിലാർ

പന്തളം : കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതോടെ ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു. പകൽ മഴ മാറിനിന്നെങ്കിലും രാത്രിയിലും വൈകിട്ടും മഴ തകർത്തു പെയ്തു. തുടർന്ന് പത്തനംതിട്ട ​- ആലപ്പുഴ ജില്ലാ അതിർത്തി പങ്കിടുന്ന ഐരാണിക്കുടി പാലത്തിന് സമീപത്തെ വലിയ തോട്ടിലെ ബണ്ടിന്റെ മണ്ണിടിഞ്ഞ് താണു. ഇതിവഴിയുള്ള യാത്ര റവന്യൂ വകുപ്പ് നിരോധിച്ചു. വലിയ തോടിന്റെ സമീപത്തുണ്ടുകര പ്രദേശങ്ങളിലായി നാല്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ മീൻ പിടിക്കാൻ എത്തുന്നവർ റോഡിന്റെ ഇവിടെ സംഗമിക്കാറുണ്ട്. മണ്ണ് ഇടിഞ്ഞ് താഴ്ന്ന പ്രദേശം അടൂർ തഹസിൽദാർ സുനിൽ .ആർ. കെ, കുരമ്പാല വില്ലേജ് ഓഫീസർ കിരൺ മോഹൻ, പന്തളം വില്ലേജ് ഓഫീസർ രേണു രാമൻ, പെരിങ്ങനാട് വില്ലേജ് ഓഫീസർ അരുൺ ഉണ്ണിത്താൻ എന്നിവയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ഇതുവരെയുള്ള സഞ്ചാരം പൂർണമായും ഒഴിവാക്കി. പൊലീസ് സഹായത്തോടെ മണ്ണിടിഞ്ഞ് താഴ്ന്ന പ്രദേശത്ത് നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. സമീപത്തെ തോടുകളിൽ ഒഴുക്കു കുറഞ്ഞതിനെ തുടർന്നു വെള്ളം കെട്ടിക്കിടന്നതാണു പ്രശ്‌നമായത്. സമീപത്തെ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിന്നതിനെ തുടർന്നുള്ള വെള്ളക്കെട്ട് കാരണം വെള്ളപ്പൊക്ക ഭീതി മാറിയിട്ടില്ല. വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഉദ്യോഗസംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പന്തളത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന ക്രമസരിച്ച് ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള നടപടികളും ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.