തിരുവല്ല: ബാങ്ക് വായ്പയുടെ കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടതിന് ഡയറക്ടർ ബോർഡ് അംഗത്തെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. കുറ്റൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ഓതറ സ്വദേശി മനോജ് ഗോപാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം 3.30ന് തൈമറവുംകരയിലാണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുമ്പോൾ പിന്നാലെയെത്തിയ ഇന്നോവ കാർ രണ്ടുതവണ മനോജിന്റെ സ്‌കൂട്ടറിൽ ഇടിപ്പിച്ചെന്നും വഴിയിൽ വീണ മനോജ് വീണ്ടും സ്‌കൂട്ടറിൽ കയറിയപ്പോൾ അസഭ്യം പറഞ്ഞു കാർ വിട്ടുപോയെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സ തേടി. കാർ ഓടിച്ചിരുന്ന തലപ്പാല വീട്ടിൽ സോമനെതിരെയാണ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. ഇയാളുടെ മകൻ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ കുടിശിക ഉടനെ അടയ്ക്കണമെന്ന് മനോജ് ഗോപാൽ പറഞ്ഞിരുന്നു. ഇതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയിലുണ്ട്.