ചെങ്ങന്നൂർ: പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സബ് ജില്ലാതലത്തിലുള്ള സ്‌കൂളുകളിൽ എ.ഇ.ഒ സന്ദർശനം തുടങ്ങി. ജില്ലാതലത്തിൽ ഡി.ഇ.ഒമാരും പരിശോധനയ്ക്കെത്തും. രണ്ടുമാസമായി അടഞ്ഞുകിടക്കുന്നതിനാൽ കെട്ടിടങ്ങളിൽ ഇഴജന്തുക്കൾ വാസമുറപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം. സ്കൂൾ തുറന്നപ്പോൾ നേരത്തെ ഇഴജന്തുക്കളുടെ ശല്യമുണ്ടായ പശ്ചാത്തലത്തിലാണിത്.

സ്‌കൂളുകളിൽ ശുചീകരണവും അറ്റകുറ്റപ്പണികളും മോടി പിടിപ്പിക്കലും വേഗത്തിലാക്കിയിട്ടുണ്ട്. അദ്ധ്യാപകർ സ്വന്തം ചെലവിലും നാട്ടുകാരുടെ സഹകരണത്തോടെയുമാണ് ശുചീകരണവും മറ്റും നടത്തിയത്. മഴ തടസമാകുന്നുണ്ടെങ്കിലും മിക്ക സ്‌കൂളുകളിലും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി . പെയിന്റിംഗ്, ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കൽ എന്നീ ജോലികളാണ് ഇനി. കിണർ, ടാങ്ക് എന്നിവ ശുചീകരിക്കൽ, കാട് വെട്ടിതെളിക്കൽ, മരങ്ങളുടെ ശിഖരങ്ങൾ വെട്ടിനീക്കൽ തുടങ്ങിയ വ പലയിടങ്ങളിലും ബാക്കിയാണ്.

സ്കൂൾ വാഹനങ്ങൾക്കും പരിശോധന

മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന ഊർജിതമാക്കി. ഡ്രൈവർമാർക്ക് ഇത്തരം വാഹനങ്ങളിൽ പത്ത് വർഷത്തെ പരിചയം നിർബന്ധമാണ്.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഡ്രൈവർമാർക്ക് വേണം. വാഹനത്തിന്റെ വാതിലുകളിൽ അറ്റൻഡർമാർ നിർബന്ധമായം ഉണ്ടാകണം. സ്‌കൂളിന്റേത് അല്ലാത്ത വാഹനങ്ങളിൽ ഓൺ സ്‌കൂൾ ഡ്യൂട്ടി എന്ന് ബോർഡ് വയ്ക്കണം. വാതിലുകളുടെയും ജനലുകളുടെയും ഷട്ടറുകൾ കൃത്യമായി പ്രവർത്തിക്കുന്ന തരത്തിലാകണം. അവയ്ക്കിടയിലൂടെ മഴവെള്ളം അകത്തേക്ക് വരുന്നില്ല എന്ന് ഉറപ്പാക്കണം. സ്‌കൂൾ ബാഗുകൾ വയ്ക്കാനായി സംവിധാനമൊരുക്കണം. സ്‌കൂളിന്റെ പേരും ഫോൺനമ്പരും അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പരും വാഹനങ്ങളുടെ ഇരുവശത്തും പ്രദർശിപ്പിക്കണം. വാഹനങ്ങളുടെ വിവരങ്ങൾ വിദ്യാവാഹൻ ആപ്പിൽ ഉൾപ്പെടുത്തണം