pool
തിരുവല്ല പുഷ്പഗിരി റോഡരുകിലെ നഗരസഭയുടെ നീന്തൽക്കുളം

തിരുവല്ല : മഴക്കാലമായതോടെ തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള നീന്തൽക്കുളം കൂത്താടി വളർത്തൽ കേന്ദ്രമായി. ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പുഷ്പഗിരി റോഡരികിൽ അര ഏക്കറോളം നഗരസഭയുടെ ഭൂമിയിൽ 13വർഷം മുമ്പ് നിർമ്മിച്ച നീന്തൽക്കുളമാണ് കാടുകയറി നശിക്കുന്നത്. 80ലക്ഷം ചെലവഴിച്ചെങ്കിലും നീന്തൽ അറിയാതെ കുട്ടികൾ ഉൾപ്പെടെ പലയിടത്തും മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും കുളത്തിന്റെ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ ഇനിയും തയാറായിട്ടില്ല.കെ.ബി ഗണേഷ് കുമാർ കായിക വകുപ്പ് മന്ത്രിയായിരിക്കെ ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി കുട്ടികൾ അടക്കമുള്ളവർക്ക് നീന്തൽ പരിശീലിക്കാനായി കായിക വകുപ്പിൽ നിന്ന് അനുവദിച്ച 50ലക്ഷം ചെലവഴിച്ചാണ് നീന്തൽകുളം നിർമ്മിക്കുന്നത്. അഞ്ചുവർഷത്തെ സംരക്ഷണത്തോടെയുള്ള നിർമ്മാണം അന്നത്തെ രാഷ്ട്രീയ ഇടപെടൽ കാരണം തടസപ്പെട്ടു. തുടർന്ന് നിർമ്മാണത്തിലെ അപാകതമൂലം ചോർച്ച ഉണ്ടായതിനെ തുടർന്ന് ഉദ്ഘാടനം പോലും നടത്താൻ കഴിഞ്ഞില്ല.പിന്നീട് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അഞ്ച് വർഷം മുമ്പ് എൻജിനീയറിംഗ് വിദഗ്ദ്ധർ സ്ഥലത്തെത്തി കുളത്തിന്റെ ചോർച്ച പരിഹരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചോർച്ച ഒഴിവാക്കാനും കുളം സംരക്ഷിക്കാൻ മേൽക്കൂര നിർമ്മിക്കാനും ചുറ്റുമതിൽ കെട്ടുന്നതിനുമായി രണ്ട് ഗഡുക്കളായി നഗരസഭയിൽ നിന്നും 30ലക്ഷം രൂപ കൂടി അനുവദിച്ചു. മേൽക്കൂര നിർമ്മാണവും ചുറ്റുമതിൽ നിർമ്മാണവും പാതിവഴിയിൽ നിലച്ചു. എന്നിട്ടും ചോർച്ച പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ല.

കുളത്തിന് സമീപം വിഷപ്പാമ്പുകൾ

മഴ ശക്തമായതോടെ കുളത്തിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇലകളും മറ്റു മാലിന്യങ്ങളും വീണ് കൂത്താടികൾ പെറ്റുപെരുകുകയാണ്. ഇതുമൂലം കൊതുക് ശല്യം വർദ്ധിച്ചതായി സമീപവാസികൾ പറയുന്നു. കുളത്തിന് ചുറ്റും കാട് വളർന്നതോടെ വിഷപ്പാമ്പുകൾ അടക്കമുള്ള ഇഴജന്തുക്കളുടെ താവളമായും പ്രദേശം വിഷപ്പാമ്പുകൾ പുഷ്പഗിരി റോഡിലൂടെ സഞ്ചരിക്കുന്നവർക്കും സമീപത്തെ പാർക്കിനും ഭീഷണിയാണ്.

...................................

ഈ വർഷത്തെ ബഡ്ജറ്റിൽ കുളത്തിന്റെ അറ്റകുറ്റപ്പണിക്കായി 5 ലക്ഷം രൂപ വകയിരുത്തി. പണികൾ ഉടൻ ആരംഭിക്കും.
അനു ജോർജ്
(തിരുവല്ല നഗരസഭ ചെയർപേഴ്സൺ)

............

നീന്തൽക്കുളം നിർമ്മിച്ചത് 13 വർഷം മുൻപ്

നിർമ്മാണച്ചുമതല ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ

നിർമ്മാണച്ചെലവ് 80 ലക്ഷം