പത്തനംതിട്ട : കോഴഞ്ചേരി തോട്ടപ്പുഴശേരി പഞ്ചായത്തിലുള്ള അരുവിക്കുഴി ടൂറിസത്തിന് ഇനി പുതിയ മുഖം. ആളുകളെ കൂടുതൽ ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഡി.ടി.പി.സിയുടെ ചുമതലയിലുള്ള അരുവിക്കുഴി ടൂറിസം ക്ലബ് കാറ്റലിറ്റ്സ് റിസോർട്ട്സ് ആൻഡ് പ്രോപ്പർട്ടീസ് എന്ന കമ്പനിയാണ് മൂന്ന് വർഷത്തേക്ക് വാടകയ്ക്കെടുത്തത്. കൈപ്പട്ടൂർ സ്വദേശികളായ അഭിലാഷ് , എബിൻ , തടിയൂർ സ്വദേശി സൂരജ് എന്നിവർ ചേർന്നുനടത്തുന്ന കമ്പനിയാണിത്. ജൂൺ അവസാനം പുതിയ പദ്ധതിയുടെ ഉദ്ഘാടനം നടത്താനാണ് ശ്രമം. 1.20 ലക്ഷം രൂപയും ജി.എസ്.ടിയുമാണ് പ്രതിവർഷം വാടക.
28 വർഷം മുമ്പ് കടമ്മനിട്ട രാമകൃഷ്ണൻ എം.എൽ.എ ആയിരുന്നപ്പോൾ 37 ലക്ഷം രൂപ ചെലവിലാണ് അരുവിക്കുഴി ടൂറിസം പദ്ധതി തുടങ്ങിയത്. പിന്നീട് ഇവിടെ ബിയർ പാർലർ തുടങ്ങാൻ പന്തളം സ്വദേശി ശ്രമിച്ചെങ്കിലും സർക്കാർ അനുമതി നൽകിയില്ല. 2006ൽ എം.എൽ.എ ആയിരുന്ന കെ.സി.രാജഗോപാലൻ സഞ്ചാരികൾക്ക് താമസിക്കാൻ ചൈനീസ് ഹട്ട് നിർമ്മിച്ചു. എല്ലാ സൗകര്യങ്ങളുമുള്ള മുറികളും കാന്റീനും ഉണ്ടായിരുന്നു. പക്ഷേ ഭരണം മാറിയതോടെ തുടർപ്രവർത്തനങ്ങൾ നിലച്ചു. 2019ൽ പി.ബി.നൂഹ് ജില്ലാ കളക്ടർ ആയിരുന്നപ്പോൾ അരുവിക്കുഴി പദ്ധതിയെക്കുറിച്ച് സാദ്ധ്യതാ പഠനം നടത്തിയെങ്കിലും തുടർനടപടിയായില്ല. ഇതിനിടെ പതിനെട്ട് ലക്ഷം രൂപ മുടക്കി ഡി.ടി.പി.സി നവീകരണം നടത്തിയെങ്കിലും രണ്ടര ഏക്കറോളം ഭൂമി കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെ കൈയേറ്റം നടന്നതായും പരാതിയുണ്ട്.
വിസ്മയമായി വെള്ളച്ചാട്ടം
നിലവിലുള്ള സംവിധാനങ്ങൾ നവീകരിച്ച് ആകർഷകമാക്കുകയാണ് ലക്ഷ്യം.വെള്ളച്ചാട്ടം പ്രധാന ആകർഷണമാക്കും. ആദ്യഘട്ടം ആയിരം രൂപ നിരക്കിൽ റൂം സ്റ്റേ നടപ്പാക്കും. ചെറിയ പരിപാടികൾ നടത്താനും പദ്ധതിയുണ്ട്. വാടകയ്ക്ക് നൽകാൻ രണ്ടുമുറികൾ, കാന്റീൻ, ബാത് റൂം, വിശ്രമത്തിനും ഭക്ഷണം കഴിക്കാനും പ്രത്യേക മുറികൾ തുടങ്ങിയ സൗകര്യങ്ങ
ളുണ്ട്.
പ്രതിസന്ധികൾ പലത്
ആരെയും ആകർഷിക്കുന്ന വെള്ളച്ചാട്ടമാണെങ്കിലും ഇവിടെയെത്താൻ ബുദ്ധിമുട്ടാണ്. പാറക്കെട്ടുകൾ കയറിയിറങ്ങി വേണം യാത്ര. വഴിയില്ലാത്തതിനാൽ പ്രായമേറിയവർക്കും മറ്റും ബുദ്ധിമുട്ടാകും. വലിയ താഴ്ചയുള്ള ഭാഗത്ത് സുരക്ഷാ വേലിയില്ല. മഴക്കാലത്ത് മാത്രമാണ് വെള്ളമുള്ളത്. മറ്റു വിനോദ ഉപാധികളില്ല.
സാമൂഹ്യ വിരുദ്ധരുടെ ശല്യവുമുണ്ട്. ഗതാഗത സൗകര്യം കുറവാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇവിടെ സ്ഥലമില്ല. റോഡരികിലാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
@ 28 വർഷം മുമ്പ് മുമ്പ് തുടങ്ങിയ പദ്ധതി
@ കോഴഞ്ചേരിയിൽ നിന്ന് 5 കിലോമീറ്റർ ദൂരം
-------------------
മൂന്ന് വർഷത്തേക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ബാക്കി പണികളൊക്കെ നടന്നുകൊണ്ടിരിക്കുന്നു. അഡ്വഞ്ചർ പാർക്ക് നിർമ്മിക്കാനുള്ള പദ്ധതി പരിഗണനയിലാണ്.
ഡി.ടി.പി.സി അധികൃതർ