mrigashupathri-
ശോചനീയമായ അവസ്ഥയിലെ മൃഗാശുപത്രി കെട്ടിടം

അടൂർ : ഏഴംകുളം പഞ്ചായത്ത്‌ മൃഗാശുപത്രിക്ക് സ്വന്തം കെട്ടിടത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. സ്ഥലം വാങ്ങാൻ 5 ലക്ഷം രൂപ അനുവദിച്ചിട്ട് ഒരു വർഷത്തിലേറെയായി. പക്ഷേ സ്ഥലം വാങ്ങുന്ന നടപടിക്രമങ്ങൾ വൈകുകയാണ്. നെടുമൺ ജംഗ്ഷനിലെ സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് മൃഗാശുപത്രി ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഇവിടെ മൃഗങ്ങളെ കിടത്തി പരിശോധിക്കാനോ കുത്തിവയ്പ് നൽകാനോ സ്ഥലമില്ല. കെട്ടിടത്തിലെ രണ്ട് മുറികളിലായാണ് ആശുപത്രി . ഡോക്ടറും മറ്റ് ഉദ്യോഗസ്ഥരും ഇരിക്കുന്നതും ഫയലുകളും ആശുപത്രി ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതും ഇവിടെയാണ്. ടോയ്ലറ്റുമില്ല. ശോച്യാവസ്ഥയിലായ കെട്ടിടമാണിത്. രണ്ട് മുറികളുടെ ഭിത്തികളിലും വ്യാപകമായി വിള്ളലുണ്ട്. ചിലയിടത്ത് കോൺക്രീറ്റ് ഇളകിവീണ് കമ്പി തെളിഞ്ഞിട്ടുണ്ട്. അടിയന്തിരമായി പുതിയ കെട്ടിടം പണിത് എത്രയും വേഗം മൃഗാശുപത്രി അവിടേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

സ്ഥലമുണ്ട്, നടപടി നീണ്ടു

ഇപ്പോൾ മൃഗാശുപത്രി പ്രവർത്തിക്കുന്ന നെടുമണ്ണിൽത്തന്നെ സ്ഥലം നൽകാൻ ഒരാൾ തയ്യാറായിട്ടുണ്ട്. സ്ഥലം വാങ്ങാൻ ജില്ല മൃഗസംരക്ഷണ ഓഫീസിന്റെയും ഏഴംകുളം പഞ്ചായത്ത്‌ കമ്മറ്റിയുടെയും അംഗീകാരം ലഭിച്ചതാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ സമയം കഴിഞ്ഞാൽ സ്ഥലം വാങ്ങാനുള്ള നടപടികൾ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. സ്ഥലത്തിന്റെ മൂല്യനിർണയം നീണ്ടുപോയതാണ് ഒരു വർഷം കാലതാമസമുണ്ടാകാൻ കാരണം.

-------------------

സ്ഥലം വാങ്ങാൻ അനുവദിച്ചത് 5 ലക്ഷം

------------------------

മൃഗാശുപത്രിക്ക് സ്ഥലം വാങ്ങാൻ പണം അനുവദിച്ച് സ്ഥലം കണ്ടെത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ എത്രയും വേഗം വസ്‌തു വാങ്ങി കെട്ടിടം പണി തുടങ്ങും

ശ്രീദേവി ബാലകൃഷ്‌ണൻ

വാർഡ് മെമ്പർ

--------------------

അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ലാത്ത സ്ഥലത്താണ് വർഷങ്ങളായി മൃഗാശുപത്രി പ്രവർത്തിക്കുന്നത്. പണം അനുവദിച്ച സ്ഥിതിക്ക് എത്രയും വേഗം സൗകര്യപ്രദമായ സ്ഥലം വാങ്ങി കെട്ടിടം പണിത് ആശുപത്രി അവിടേക്ക് മാറ്റണം


ശശികുമാർ താന്നിക്കൽ
പൊതു പ്രവർത്തകൻ