മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ പ്രവേശന കവാടത്തിന്റെ പുനർനിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ നീക്കം ചെയ്തു. കരിങ്കല്ലുകൾ റോഡിൽ അപകടകരമായ രീതിയിൽ ഇട്ടിരിക്കുന്നത് വാഹന യാത്രികർ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കിയത് സംബന്ധിച്ച് കേരളകൗമുദി ഏപ്രിൽ 24ന് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 10,0000 രൂപ തുക അനുവദിച്ചാണ് പ്രവേശന കവാടത്തിനോട് ചേർന്നുള്ള ചുറ്റുമതിൽ നിർമ്മാണം 2023 ഒക്ടോബർ മാസം മാസം ആരംഭിച്ചത്. എന്നാൽ തിരുവിതാംകൂർ ക്ഷേത്ര പരിധിയിൽ ഉൾപ്പെടുന്ന കണ്ണശ തേവർ ക്ഷേത്രത്തിന്റെ ആൽത്തറയോട് ചേരുന്ന സ്കൂൾ പരിസരം ഒഴികെയുള്ള ഭാഗത്ത് നവീകരണം പൂർത്തിയാക്കിയെങ്കിലും ബാക്കി വരുന്ന മൂന്ന് മീറ്റർ ദൂരപരിധിയിൽ തർക്കം നിലനിൽക്കുന്നതിനാൽ പദ്ധതി പൂർത്തീകരണം തടസപ്പെട്ടു. ഇതുമൂലം നിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ റോഡിന്റെ വശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇരു ദിശകളിൽ നിന്ന് വാഹനം എത്തിയാൽ ഇവിടെ യാത്രാ ദുരിതത്തിന് ഇടയാക്കിയിരുന്നു.