മല്ലപ്പള്ളി : കാവനാൽക്കടവ് - നെടുങ്കുന്നം റോഡിന്റെ നവീകരണം വൈകുന്നു. പുനരുദ്ധാരണ പ്രവർത്തികൾക്ക് ആരംഭിച്ചെങ്കിലും മഴ കനത്തതും പ്രവർത്തികൾക്ക് തടസമായി. പൊതുമരാമത്ത് മല്ലപ്പള്ളി സെക്ഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലെവൽസ് എടുക്കുന്ന പ്രവർത്തികൾ ഫെബ്രുവരി 6ന് പൂർത്തീകരിച്ചിരുന്നു.ഉന്നത തലത്തിലുള്ള അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുകയും പുതിയ കലുങ്കിന്റെ നിർമ്മാണവും പൂർത്തിയാക്കി റോഡിന്റെ ഉപരിതലത്തിന്റെ ലെവലിംഗ് പുരോഗമിക്കുന്നതിനിടയിലാണ് നിർമ്മാണ പ്രവർത്തികൾക്ക് മഴ വില്ലനായത്. സ്ഥിരമായി വെള്ളക്കെട്ടുള്ള ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിന സമീപത്താണ് പുതിയ കലുങ്കിന്റെ നിർമ്മാണ പ്രവർത്തികളാണ് ആദ്യം നടത്തിയത്. കാവനാൽ കടവ് പാലത്തിന് സമീപത്തു നിന്നും നൂറോമ്മാവ് കവല വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തിലാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ആദ്യഘട്ട പ്രവർത്തികൾ നടത്തുവാൻ തീരുമാനിച്ചിരുന്നത്.നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങൾ ജി.എസ്ബി, ഡബ്ലു എം.എം എന്നിവ ഉപയോഗിച്ച് ഉയർത്തി 5.50 മീറ്റർ വീതിയിലാണ് ടാറിംഗ്. വെള്ളമൊഴുകുന്നതിന് ആവശ്യമായ ഓടയും ഇതോടൊപ്പം നിർമ്മിക്കാനാണ് പദ്ധതി. ജനുവരി 18നാണ് അവസാന ടെൻഡർ ക്ഷണിച്ചത്. പുതിയ ജി.എസ്.ടി നിരക്ക് ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതി പ്രകാരം 4.043 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്.
പുല്ലുകുത്തി മല്ലപ്പള്ളി റോഡ് തകർച്ചയിൽ
പുല്ലുകുത്തി മല്ലപ്പള്ളി റോഡിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായെടുത്ത കുഴികളിൽ അറ്റകുറ്റപ്പണികൾ നടത്താത്തത് വാഹന യാത്ര ദുരിതമാക്കുന്നു.ഒരു മാസത്തിനു മുമ്പ് കുറച്ചു സ്ഥലങ്ങൾ മെറ്റിൽ നിരത്തിയെങ്കിലും പിന്നീട് പണികളൊന്നും നടത്തിയില്ല. മഴ ശക്തി പ്രാപിച്ചതോടെ പുല്ലുകുത്തി കവലയ്ക്ക് സമീപത്തെ റോഡ് തോടിന് സമാനമായി മാറിയിരിക്കുകയാണ്. ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അപകട ഭീതിയിലാണ്. ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്.
........................
മല്ലപ്പള്ളി - പുല്ലുകുത്തി റോഡിലൂടെ സർവീസ് നടത്തുമ്പോൾ ഒരു ട്രിപ്പിന് ലഭിക്കുന്ന കളക്ഷന്റെ ഇരട്ടി തുക വാഹനത്തിന്റെ അറ്റകുറ്റപണികൾക്കായി ചിലവഴിക്കേണ്ടി വരുന്നു. അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരം കാണണം.
(സ്വകാര്യ ബസ് ഉടമകൾ)
.................................
നിർമ്മാണച്ചെലവ് 4.043 കോടി
5.50 മീറ്റർ വീതിയിൽ ടാറിംഗ്