പ്രമാടം : കോന്നി- പ്രമാടം- പത്തനംതിട്ട റൂട്ടിൽ കൊവിഡ് കാലത്ത് താത്കാലികമായി നിറുത്തിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. ഈ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസുകൾ പുന:ക്രമീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയില്ല. പത്തനംതിട്ട, കോന്നി ഡിപ്പോകളിൽ നിന്നുള്ള ബസുകളാണ് നേരത്തെ ഇതുവഴി സർവീസ് നടത്തിയിരുന്നത്. ഏഴ് സർവീസുകളാണ് ലോക് ഡൗൺ നാളുകളിൽ താത്കാലകിമായി നിറുത്തിയത്. നിയന്ത്രണങ്ങൾ മാറുമ്പോൾ പുന:രാരംഭിക്കുമെന്നാണ് അന്ന് പറഞ്ഞത്.
എല്ലാ സർവീസുകളും ലാഭത്തിലായിരുന്നെന്ന് ഡിപ്പോ അധികൃതർ തന്നെ പറയുന്നു. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെ ഒരു മണിക്കൂർ ഇടവിട്ടും വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെയും മണിക്കൂറുകളുടെ വ്യത്യാസത്തിലും ചെയിൻ സർവീസ് നടത്തിയിരുന്നു. എല്ലാ ട്രിപ്പുകളിലും ആവശ്യത്തിന് യാത്രക്കാരും ഉണ്ടായിരുന്നു. സ്വകാര്യ ബസ് ഉടമകളെ സഹായിക്കാൻ കെ.എസ്.ആർ.ടി.സി കോന്നി, പത്തനംതിട്ട ഡിപ്പോകളിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന വഴിവിട്ട നീക്കമാണ് സർവീസ് തുടങ്ങാൻ തടസമായി നിൽക്കുന്നതെന്ന് പരാതിയുണ്ട്.
വിദ്യാർത്ഥികൾ വലയും
മുടങ്ങാതെ നടത്തിയിരുന്ന ചെയിൻ സർവീസുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകമായിരുന്നു. പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദൂര സ്ഥലങ്ങളിലും പഠിക്കുന്ന നിരവധി കുട്ടികൾ ഈ റൂട്ടിലുണ്ട്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിഭാഗം കുട്ടികൾക്കും ലഭിക്കുന്നില്ല.
--------------------
വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമായ സർവീസുകളാണ് വർഷങ്ങളായി നിറുത്തലാക്കിയിരിക്കുന്നത്. ഇത് അടിയന്തരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ സ്‌കൂൾ തുറക്കുന്നതോടെ കുട്ടികളുടെയും നാട്ടുകാരുടെയും യാത്രാ ദുരിതം വർദ്ധിക്കും.
നാട്ടുകാർ
--------------------------
ഈ റൂട്ടിലെ യാത്രാ പ്രശ്നം പരിഹരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അടിയന്തരമായി ഇടപെടണം.അദ്ധ്യയനം തുടങ്ങാൻ ദിവസങ്ങൾ മാത്രമാണുള്ളത്.
വിദ്യാർത്ഥി സംഘടനകൾ
---------------------
നിറുത്തിയത് 7 സർവീസുകൾ