പത്തനംതിട്ട: കുടുംബശ്രീ അംഗങ്ങളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന മിഷൻ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'അരങ്ങ് 2024' ജില്ലാതല കലോത്സവം ഇന്ന് രാവിലെ 10ന് പത്തനംതിട്ട അബാൻ ആർക്കേഡിൽ നടക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാമിഷൻ കോഓർഡിനേറ്റർ എസ്.ആദില അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ മുഖ്യാപ്രഭാഷണം നടത്തും. ബാലചലച്ചിത്രതാരം അബനി ആദി മുഖ്യാതിഥിയാകും. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമാരായ ആർ.തുളസീധരൻ പിള്ള, പി.എസ്.മോഹനൻ എന്നിവർ പങ്കെടുക്കും. അയൽക്കൂട്ട തലത്തിൽ ആരംഭിച്ച് സി.ഡി.എസ് തലത്തിലും തുടർന്ന് ബ്ലോക്ക് ക്ലസ്റ്റർ തലത്തിലും മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും പ്രത്യേകമായാണ് മത്സരങ്ങൾ. വിവിധ അയൽക്കൂട്ട ഓക്‌സിലറി ഗ്രൂപ്പുകളിൽ നിന്നായി 500 ൽപരം കലാകാരികൾ പങ്കെടുക്കും.