ചെങ്ങന്നൂർ: മാവേലിക്കര - ചെങ്ങന്നൂർ- കോഴഞ്ചേരി സംസ്ഥാന പാതയിൽ ചെറിയനാട് റെയിൽവേ മേൽപ്പാലത്തിന് അടിയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതാണ് പ്രശ്നം. റോഡ് ഉയർന്നു നിൽക്കുന്നതിനാൽ ഇരുഭാഗത്തു നിന്നും വെള്ളം ഒഴുകിയെത്തി അടിപ്പാതയിൽ കെട്ടിക്കിടക്കുകയാണ്. ചെറിയമഴ പെയ്‌താൽ പോലും വലിയ വെള്ളക്കെട്ടാണ് . ഇരുഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ വളവുതിരിഞ്ഞു വരുമ്പോഴാണ് വെള്ളക്കെട്ട് കാണുന്നത്. ചെങ്ങന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെള്ളക്കെട്ടുമുലം വലതുവശത്തുകൂടിയാണ് പോകുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. ചെളിവെള്ളം തെറിച്ച് ഇരുചക്ര വാഹന യാത്രക്കാരുടെയും കാ ൽനടക്കാരുടെയും ദേഹത്തു വീഴുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളും പതിവാണ്.

റോഡ് നവീകരണം വിനയായി

അഞ്ച് വർഷം മുമ്പ് റോഡ് നവീകരിച്ചതോടെയാണ് പാലത്തിന്റെ ഇരുവശവും ഉയർന്നത്. ഇതോടെ ഇരുഭാഗത്തുനിന്നും വെള്ളം പാലത്തിന്റെ അടിയിലേക്ക് ഒഴുകിയെത്തുന്നതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം. അഞ്ച് മാസം മുമ്പ് ഈ ഭാഗം ലെവൽ ചെയ്‌ത്‌ കോൺക്രീറ്റ് ചെയ്‌തെങ്കിലും ചെറിയ മഴ പെയ്‌താൽപ്പോലും വെള്ളം അടിപ്പാതയിൽകെട്ടിക്കിടക്കും.

-------------------------------

റോഡ് പരിചിതമില്ലാത്തവർ വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് വാഹനം നിറുത്തുമ്പോൾ തൊട്ടുപിന്നിലെ വാഹനം ഇടിച്ചും അപകടമുണ്ടാകുന്നു.

സുമേഷ് (നാട്ടുകാരൻ)

------------

റോഡ് നവീകരിച്ചത് 5 വർഷം മുമ്പ്