road
വൈക്കത്തില്ലം - കോച്ചാരിമുക്കം റോഡിലെ വല്ലേലിൽ പടിയിലെ ട്രാൻസ്‌ഫോർമർ കാടുമൂടിയ നിലയിൽ

തിരുവല്ല: റോഡിനും തോടിനും ഇടയിലായി സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമർ കാടുമൂടിയതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിൽ. നെടുമ്പ്രം പഞ്ചായത്തിലെ വൈക്കത്തില്ലം - കോച്ചാരിമുക്കം റോഡിലെ വല്ലേലിൽ പടിയിലെ ട്രാൻസ്‌ഫോർമറാണ് കാടുമൂടി കിടക്കുന്നത്. കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷന്റെ പരിധിയിലാണ് ട്രാൻസ്‌ഫോർമർ സ്ഥിതിചെയ്യുന്നത്. മഴയോ കാറ്റോ ഉണ്ടായാൽ പ്രദേശത്ത് അടിക്കടി വൈദ്യുതി മുടങ്ങുന്നത് പതിവാണ്. മണിക്കൂറുകൾ കഴിഞ്ഞാലും വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനും കാരണമാകാറുണ്ട്. ട്രാൻസ്ഫോർമറിൽ മൂടിക്കിടക്കുന്ന കാടുവളർന്ന് 11 കെ.വി ലൈനിൽ ഉൾപ്പെടെ പടർന്ന് പന്തലിച്ചു. ട്രാൻസ്ഫോർമറിന് ചുറ്റും വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുറത്ത് നിന്നും കാട് ഇവിടേക്ക് വളർന്നു നിൽക്കുകയാണ്. വൈദ്യുതി മുടക്കി ലൈനിലെ മരച്ചില്ലകൾ മുറിച്ചു നീക്കുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലെ കാടുനീക്കാൻ നടപടി സ്വീകരിക്കുന്നില്ല. വൈദ്യുതി ബോർഡ് ജീവനക്കാർ ഇവിടെവന്ന് ഫ്യൂസ് ഊരിമാറ്റി മിക്കപ്പോഴും ജോലികൾ ചെയ്യാറുണ്ട്. എന്നിട്ടും ഭീഷണിയായി നിൽക്കുന്ന കാട് നീക്കം ചെയ്യാൻ മടിക്കുകയാണ്.

അപകടങ്ങൾക്ക് സാദ്ധ്യത

റോഡിലെ വളവിന് സമീപം സ്ഥിതിചെയ്യുന്ന ട്രാൻസ്‌ഫോർമർ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. സമീപത്തെ മുളക്കൂട്ടവും ട്രാൻസ്ഫോർമറിലേക്കും ലൈനിലേക്കും ചാഞ്ഞു നിൽക്കുന്നു. മഴയിലും കാറ്റിലും വൈദ്യുതി അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്.

.............................................

ശക്തമായ കാറ്റിൽ ആടിയുലയുന്ന മുളക്കൂട്ടം ലൈനിൽ ചുറ്റിപ്പടരുന്നു. പേടിച്ചാണ് ഇതുവഴി പോകുന്നത്.
മധു
(സമീപവാസി)

......................................

1. ട്രാൻസ് ഫോർമർ കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷന്റെ പരിധിയിൽ

2. പ്രദേശത്ത് അടിക്കടി വൈദ്യുതി മുടക്കം

3. ജീവനക്കാർ കാടുവെട്ടിക്കളയാൻ തയാറാകുന്നില്ല