road-1
ആദ്യം പകുതി കോൺക്രീറ്റ് ചെയ്‌ത അവസ്ഥ

അടൂർ : ഏഴംകുളം മിനി ഹൈവേയിൽ വാട്ടർ അതോറിറ്റി കുഴി കോൺക്രീറ്റ് ചെയ്ത ഭാഗം വീണ്ടും ഇളകി അപകടക്കെണിയാകുന്നു. ഏഴംകുളത്ത് നിന്ന് ഏനാത്തേക്ക് പോകുന്ന മിനി ഹൈവേയിൽ മുട്ടത്ത്കാവ് ജംഗ്ഷനിൽ കാവിന് മുന്നിലായി 11മാസം മുമ്പ് പൈപ്പ് പൊട്ടി വെള്ളം ചോർന്നതോടെ വാട്ടർ അതോറിട്ടി ഇവിടം കുഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. അന്ന് മണ്ണിട്ട് മൂടിയെങ്കിലും മുകളിൽ ടാർ ചെയ്തിരുന്നില്ല. ആറ് മാസം മുമ്പ് വീണ്ടും ചോർച്ച ഉണ്ടായപ്പോൾ വീണ്ടും റോഡ് കുഴിച്ചു. ശരിയായ രീതിയിൽ മണ്ണിട്ട് മൂടാതെ ഉടൻതന്നെ കോൺക്രീറ്റ് ചെയ്യുമെന്ന് പറഞ്ഞ് വാട്ടർ അതോറിറ്റിയുടെ കരാറുകാരൻ മടങ്ങി. പക്ഷേ കോൺക്രീറ്റോ , ടാറോ ചെയ്യാത്തത് മൂലം റോഡ് ഇളകിയ ഭാഗം കുഴിയായി അപകടത്തിന് കാരണമായി. നാട്ടുകാരും പൊതു പ്രവർത്തകരും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പ്രതിഷേധം ശക്തമാകുമെന്നറിഞ്ഞ് വാട്ടർ അതോറിറ്റി കഴിഞ്ഞ ദിവസം റോഡ് ഇളകിക്കിടക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും പ്രഹസനമായി. കേരളകൗമുദി വാർത്ത നൽകിയതിന് പിന്നാലെ വീണ്ടും വാട്ടർ അതോറിറ്റി കുഴി കോൺക്രീറ്റ് ചെയ്തു. പിന്നീടുണ്ടായ മഴയിലാണ് ഇത് ഇളകിയത്. . എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.