തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് മുന്നിലും മൂവിടത്തിൻപടിയിലും അതിരൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഗോത്ര സംസ്കൃതി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബഹുജന ധർണ്ണയുടെയും നിവേദനത്തിന്റെയും അടിസ്ഥാനത്തിൽ മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാഹചര്യങ്ങൾ പരിശോധിച്ചു. അനുബന്ധമായ വാച്ചാൽ തോടുകൾ തെളിയിച്ചാൽ വെള്ളം ഒഴുകിപോയി വെള്ളക്കെട്ടിന് പരിഹാരം കാണാനാകും. വാച്ചാൽ തോടുകളുടെ നവീകരണം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ കഴിയുമെന്നും തടസമായിട്ടുള്ള മൂന്നൊന്നിൽ പടിക്ക് സമീപത്തെ നികന്നുപോയ തോട് തെളിച്ചാൽ മാത്രമേ പ്രദേശത്തുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളുയെന്നും ഉദ്യോഗസ്ഥർ വിലയിരുത്തി.