കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ തേക്കുതോട് - താഴേപ്പറക്കുളം റോഡ് തകർന്നത് മൂലം യാത്രദുരിതം. 25 വർഷങ്ങൾക്ക് മുമ്പ് ജനകീയാസൂത്രണ പദ്ധതിയിലൂടെ നിർമ്മിച്ച പഞ്ചായത്ത് റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മഴ പെയ്യുന്നതോടെ യാത്ര കൂടുതൽ ദുരിതമാകും. റോഡിലെ മണ്ണും ചെളിയും മൂലം വാഹനങ്ങൾ തെന്നി മാറുന്ന സ്ഥിതിയാണ്. തണ്ണിത്തോട് മൂഴി മുതൽ റോഡിലെ നാല് കിലോമീറ്റർ ഭാഗം നേരത്തെ ടാർ ചെയ്തിരുന്നു. ബാക്കിയുള്ള രണ്ട് കിലോമീറ്റർഭാഗമാണ് തകർന്നുകിടക്കുന്നത്. ഓട്ടോറിക്ഷകൾ പോലും വരില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ ചെളിയും മണ്ണും കെട്ടിക്കിടക്കുമ്പോൾ അപകടം ഒഴിവാക്കാൻ നാട്ടുകാർ തന്നെയാണ് ഇത് നീക്കം ചെയ്യുന്നത്. തണ്ണിത്തോട് പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും ഈ റോഡിലൂടെ പോകുവാൻ കഴിയും. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവരും പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർ തോട്ടത്തിലെ തൊഴിലാളികളും പതിവായി ഉപയോഗിക്കുന്ന റോഡാണിത്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്കും ഇതുവഴി യാത്ര ബുദ്ധിമുട്ടാകും.
കലുങ്കും ഒാടയും വേണം
ടാറിംഗ് ഇളകിയ റോഡിലൂടെയാണ് മഴ പെയ്യുന്നതോടെ വെള്ളം ഒഴുകുന്നത്. ഇതോടെ ചെളിയും മണ്ണും നിറയും. പലയിടത്തും വെള്ളം കെട്ടിക്കിടക്കും. പുതിയ കലുങ്കുകളും ഓടകളും നിർമ്മിച്ചാലേ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുവെന്ന് നാട്ടുകാർ പറഞ്ഞു.
------------------
തണ്ണിത്തോട് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലേക്കും പോകുവാൻ ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണ് തകർന്നു കിടക്കുന്നത്. സഞ്ചാരയോഗ്യമാക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണം.
സുരേഷ് തേക്കുതോട് (നാട്ടുകാരൻ)
-----------
25 വർഷം മുമ്പ് നിർമ്മിച്ച റോഡ്