ചെങ്ങന്നൂർ: മഴക്കെടുതിയെ തുടർന്നുണ്ടാകുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നു. ഇതിനായി കൺട്രോൾ റൂം തുറക്കും. പരാതി അറിയിക്കാൻ 24 മണിക്കൂറും ലഭ്യമാകുന്ന പ്രത്യേക ടെലിഫോൺ നമ്പർ നൽകും. മഴ ശക്തിപ്രാപിക്കുമ്പോൾ ഒറ്റപ്പെട്ടു പോകുന്നതും വെള്ളം കയറുന്നതുമായ വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിന് നഗരസഭ വിവിധ വകുപ്പുകളുമായി ചേർന്ന് സേവന പ്രവർത്തനങ്ങൾ നടത്തും. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും റവന്യൂ വകുപ്പുമായി ചേർന്ന് സജ്ജീകരണങ്ങൾ ഒരുക്കും. നഗരസഭ അദ്ധ്യക്ഷ ശോഭാ വർഗീസ് സെക്രട്ടറി എം.എസ് ശ്രീരാഗ്, ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.നിഷ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും അതാത് അംഗങ്ങളുടേയും നഗരസഭ ജീവനക്കാരുടേയും നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് ഓരോ പ്രവർത്തനങ്ങൾക്കും സഹായങ്ങൾ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.ഷിബുരാജൻ,ടി.കുമാരി,അശോക് പടിപ്പുരക്കൽ, ശ്രീദേവി ബാലകൃഷ്ണൻ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ എം.എ.കിഷോർഖാൻ, ഐ. വി. കൃഷ്ണറാം, ജി .ജയകൃഷ്ണൻ,എ.ഐ. സൈറ, ദീപക് വിജയ്, ജയകുമാർ, കെ.വി.തോമസ്, സി.നിഷ,ആർ.എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.