road-
തകർന്ന ആഞ്ഞിലിമുക്ക് കൊച്ചുകുളം റോഡ്

റാന്നി : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മണ്ണൊലിച്ചുപോയതോടെ ആഞ്ഞിലിമുക്ക് - കൊച്ചുകുളം റോഡിലൂടെയുള്ള യാത്ര കുടുതൽ ദുരിതമായി. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിൽ ഇപ്പോൾ കാൽനട യാത്രപോലും ബുദ്ധിമുട്ടാണ്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

ആഞ്ഞിലിമുക്ക് ജംഗ്‌ഷനിൽ നിന്ന് കൊച്ചുകുളത്തേക്കുള്ള റോഡ് തകർന്നിട്ട് രണ്ടു വർഷത്തോളമായി. മെറ്റിൽ ഇളകി ടാറിങ് പൂർണമായും ഒലിച്ചുപോയി. പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കാതായതോടെ നാട്ടുകാർ മണ്ണ് വെട്ടിയിട്ട് വാഹനങ്ങൾ പോകുന്നരീതിയിൽ നേരത്തെ റോഡ് നന്നാക്കിയിരുന്നു . കഴിഞ്ഞ മഴയിൽ ഇൗ മണ്ണ് പൂർണമായും ഒലിച്ചു പോയതോടെ റോഡ് പഴയപടിയായി. തകർന്ന റോഡിലൂടെ വരാൻ ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾ മടിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ ചാടി വീഴാറുണ്ട്. നേരത്തെ ബസ് സർവീസ് ഉണ്ടായിരുന്ന റോഡാണിത്.

ഒാടയില്ലാത്തത് പ്രശ്നം

കൃത്യമായ ഓട സംവിധാനം ഇല്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. മലയോര ദേശമായ കൊച്ചുകുളത്തേക്കുള്ള പ്രധാന പാതയാണിത്. മഴക്കാലമാകുന്നതോടെ റോഡിൽ വെള്ളംകെട്ടിക്കിടന്നാണ് ടാറിംഗ് ഇളകിയത്. അടിയന്തരമായി റോഡ് നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലാത്തപക്ഷം നേരത്തെ കുടിവെള്ളത്തിനായി പഞ്ചായത്ത് ഒാഫീസ് ഉപരോധിച്ചതു പോലെ സമരം തുടങ്ങാനാണ് തീരുമാനം.

--------------------------------------

ആഞ്ഞിലിമുക്ക് - കൊച്ചുകുളം റോഡ് എത്രയും വേഗം നന്നാക്കിയില്ലെങ്കിൽ ജനങ്ങൾ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങും.

രവി, കൊച്ചുകുളം

പ്രദേശവാസി