പത്തനംതിട്ട : ശബരിമല റോപ് വേ നിർമ്മാണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് കമ്മിഷൻ എ.എസ്.പി കുറുപ്പിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബഞ്ച് ജൂൺ മൂന്നിന് പരിഗണിക്കും. ഹൈക്കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ 2, 3 തീയതികളിലാണ് വീണ്ടും സർവേ നടത്തിയത്.

പെരിയാർ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.യു.ഹരികൃഷ്ണൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, ശബരിമല ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ, റോപ് വേ നിർമ്മാണ കമ്പനിയായ കൊൽക്കത്ത ദാമോദർ കേബിൾ കാർ കൺസ്ട്രക്ഷൻസിന്റെ ഓപ്പറേഷൻസ് ഹെഡ് ഉമാനായർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സർവേ. ഇത് സംബന്ധിച്ച് വനംവകുപ്പ് സ്‌കെച്ചും പ്ലാനുമുൾപ്പടെ തയ്യാറാക്കി 25ന് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

റോപ് വേ കടന്നുപോകുന്ന ഭാഗത്തെ 99 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് റിപ്പോർട്ടിലുണ്ട്. പാഴ് മരങ്ങളാണ് ഇതിലധികവും. ആദ്യ അലൈൻമെന്റിൽ 250ൽപ്പരം മരങ്ങൾ മുറിക്കേണ്ടിവരുമെന്നായിരുന്നു . കോടതിയുടെ അനുകൂല തീരുമാനമുണ്ടായാൽ കേന്ദ്ര വനംവകുപ്പിന്റെ അനുമതിക്കായി അപേക്ഷ നൽകും.