പത്തനംതിട്ട : ദിവസംതോറും ഇരുന്നൂറിലധികം പനിക്കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയിൽ ഡെങ്കിപ്പനി വ്യാപനവും. അഞ്ചുദിവസം കൊണ്ട് മുപ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടിയതിനാൽ പത്തനംതിട്ട നഗരസഭ പത്താം വാർഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ഡെങ്കിപ്പനി സംശയിക്കുന്ന പനിബാധിതരുമുണ്ട്. മഴയിൽ ഈഡീസ് കൊതുകുകളുടെ സാന്ദ്രത വർദ്ധിച്ചതോടെയാണ് ഡെങ്കിക്കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മുതൽ 28 വരെയുള്ള
ദിവസങ്ങളിലെ ഡെങ്കിപ്പനി റിപ്പോർട്ട്
(തീയതി , പനി ബാധിതർ, ഡെങ്കി സംശയിക്കപ്പെട്ടവർ,
സ്ഥിരീകരിച്ചവർ എന്ന ക്രമത്തിൽ)
24ന് : 246, 43 (6)
25ന് : 277 , 49 (6)
26ന് : 107 , 39 (9)
27ന് : 300, 28 (1)
28ന് : 279, 58 (8)
ലക്ഷണങ്ങൾ
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും.
പ്രതിരോധം
വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൂത്താടികളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുക.
സ്വയം ചികിത്സിച്ച് രോഗികൾ
പനിയാണെന്ന ധാരണയിൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നുവാങ്ങി കഴിക്കുകയാണ് പല രോഗികളും. ഡെങ്കിബാധിതരിൽ പ്ലേറ്റ്ലറ്റ് കൗണ്ടുകൾ കുറയുന്നത് അപകടകരമാണ്. ഇതിനായി രക്തപരിശോധന നടത്തേണ്ടതുണ്ട്. പനിയുടെ ലക്ഷണമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ടെങ്കിലും പലരും അവഗണിക്കുകയാണ്.
പ്രതിരോധം പാളി, കൊതുക് പെരുകി
പകർച്ചവ്യാധി പ്രതിരോധത്തിനായി നടന്നുവരുന്ന മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാകാത്തതാണ് ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നത്. റബർത്തോട്ടങ്ങളിലെ കാടുകൾ വെട്ടിതെളിക്കാത്തതും മരങ്ങളിലെ ചിരട്ടകളിൽ വെള്ളം നിറഞ്ഞ് കൊതുകുകൾ പെരുകുന്നതും പ്രധാന പ്രതിസന്ധിയാകുന്നു. ആരോഗ്യവകുപ്പും തദേശസ്ഥാപനങ്ങളും നടത്തുന്ന പ്രതിരോധം ഇത്തവണ കാര്യക്ഷമമായില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും തിരക്കിലായതും പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
ഡെങ്കിപ്പനിക്കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണം.
ആരോഗ്യവകുപ്പ് അധികൃതർ