ചെങ്ങന്നൂർ: മണ്ണടിഞ്ഞും ചെളികെട്ടിയും കിടക്കുകയാണ് പമ്പാനദിയുടെ പാണ്ടനാട്ടെ കടവുകൾ. കനത്ത മഴയെ തുടർന്ന് നദിയിൽ ഒഴുക്ക് ശക്തമായിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് നദിയിലെ ജലനിരപ്പുയർന്നപ്പോൾ അടിഞ്ഞ മണ്ണും ചെളിയുമാണിത് പഞ്ചായത്ത് ഭരണസമിതിക്കാണ് ഇത് നീക്കംചെയ്യേണ്ട ചുമതല. പക്ഷേ നടപടിയുണ്ടായില്ല. കാലവർഷമെത്തി നദിയിൽ വെള്ളം ഉയരുന്നതോടെ വീണ്ടും ചെളിയും മണ്ണും അടിയും. ഇതോടെ കടവുകളുടെ സ്ഥിതി കൂടുതൽ പരിതാപകരമാകും.
കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതം നേരിട്ട പഞ്ചായത്താണ് പാണ്ടനാട്. അന്ന് ചെളിയും മണ്ണുമടിഞ്ഞ രണ്ടു കടവുകൾ പഞ്ചായത്ത് വൃത്തിയാക്കാതിരുന്നതോടെ നാട്ടുകാരാണ് ശ്രമദാനമായി വൃത്തിയാക്കിയത്. പാണ്ടനാട് പഞ്ചായത്തിന്റെ 13, 14 വാർഡുകളിലായി എട്ട് കടവുകളാണുള്ളത്.
അടിച്ചിക്കടവ്, പാച്ചേരിക്കടവ്, മുണ്ടിയറക്കടവ്, കൊട്ടാരത്തിൽ കടവ്, നാക്കടക്കടവ്, പാറക്കൽ, ഇല്ലിമലക്കടവ് എന്നിവയാണ് ഇവ. ഒരുകാലത്ത് മിക്ക കടവുകളിലും പഞ്ചായത്തിന്റെ കടത്തുമുണ്ടായിരുന്നു. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതോടെ കടത്ത് സർവീസ് നിലച്ചു. എങ്കിലും ആളുകൾ കുളിക്കാനും തുണിയലക്കാനും ഇപ്പോഴും കടവുകളെയാണ് ആശ്രയിക്കുന്നത്.
പണമില്ലെന്ന് പഞ്ചായത്ത്
സാമ്പത്തിക പ്രതിസന്ധിമൂലമാണ് ചെളിയും മണ്ണും നീക്കാത്തതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. കടവുകളിൽ അടിയുന്ന മണ്ണും ചെളിയും അപകടത്തിനിടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ . മഴക്കാലത്ത് വെള്ളം ഉയരുന്നതോടെ അപകടസാദ്ധ്യത കൂടും. കുളിക്കാനും തുണിയലക്കാനുമെത്തുന്നവർ ചെളിയിൽ പുതയാനിടയുണ്ട്. കടവുകളിലേക്കിറങ്ങാനും ചെളിയും മണ്ണും തടസമാണ്. പലയിടത്തും കാട് വളർന്നു കിടക്കുകയാണ്. പമ്പയാറിനോട് ചേർന്ന താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
കടവുകളിൽ ചെളിയും മണ്ണും കെട്ടിക്കിടക്കുകയാണ്. കാട് വെട്ടാത്തതുകൊണ്ട് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. പരിഹാരം കാണണം.
കൊച്ചുപറമ്പിൽ പ്രമോദ് (നാട്ടുകാരൻ)