പത്തനംതിട്ട : പ്രവാസികളേറെയുള്ള ജില്ലയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പാസ്പോർട്ടിനുളള രേഖകൾ സമർപ്പിക്കാൻ വരുന്നവർക്ക് ഇരിക്കാനും വിശ്രമിക്കാനും ഇടമില്ല. കോളേജ് റോഡിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഒാഫീസ് കെട്ടിടത്തിന് പിന്നിലായി ഒറ്റമുറിയിലാണ് സേവാകേന്ദ്രം . ഒരുദിവസം നൂറോളം അപേക്ഷകർ എത്തുന്ന ഇവിടെ ഇരിക്കാൻ കുറച്ച് കസേരകൾ മാത്രമേയുള്ളു. ആയിരക്കണക്കിന് അപേക്ഷകരുടെ രേഖകൾ സൂക്ഷിക്കുന്നതും ഇവിടെയാണ്. ആളുകൾ കൂടിയാൽ ഒാഫീസിന് പുറത്ത് ഇരിപ്പിടമില്ലാതെ പ്രായം കൂടിയവരടക്കം മണിക്കൂറുകളോളം പുറത്ത് കാത്തുനിൽക്കേണ്ടി വരുന്നു. ഇവിടെ കൂട്ടംകൂടി നിൽക്കരുത് എന്ന് എഴുതിവച്ചിട്ടുണ്ട്. ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന് ഇടയിലാണ് ആളുകൾ നിൽക്കേണ്ടത്. അടുത്തകാലത്ത് മഴ ശക്തമായതോടെ പുറത്ത് ടാർപ്പോളിൻ കെട്ടി. അവിടെയും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. പാസ്പോർട്ട് സേവാ കേന്ദ്രത്തിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിനും കാലാവധി കഴിഞ്ഞത് പുതുക്കുന്നതിനും ഒരു ദിവസം നൂറോളം പേർ എത്തുന്നുണ്ട്. രാവിലെ പത്ത് മണിയോടെ ഒാഫീസിന് മുന്നിൽ തിക്കുംതിരക്കുമാണ്.
ഒറ്റമുറി, സ്ഥലമില്ല
സേവാകേന്ദ്രത്തിന് ഒറ്റമുറിയേയുള്ളു. ആളു കൂടിയാൽ പുറത്തിറങ്ങി നിൽക്കേണ്ടി വരും. കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ബി.എസ്.എൻ.എല്ലിന്റെ പഴയ ഒാഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിന് തൊട്ടടുത്തായി കാടുപിടിച്ച് കിടപ്പുണ്ട്. ഇവിടേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി റോഡിൽ ബി.എസ്.എൻ.എല്ലിന്റെ പുതിയ കെട്ടിടത്തിലും പാസ്പോർട്ട് ഒാഫീസ് തുറക്കുന്നതിന് സൗകര്യങ്ങളേറെയുണ്ട്. പക്ഷേ ഇക്കാര്യം അധികൃതർ പരിഗണിക്കുന്നില്ല
-------------------
.
1. അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രം, സ്വകാര്യ ട്രാവൽ ഏജൻസി എന്നിവ മുഖേന ഒാൺലൈനിൽ അപേക്ഷ സമർപ്പിച്ച് നിശ്ചിത തീയതിക്ക് അപ്പോയ്ന്റ്‌മെന്റ് എടുത്താണ് പാസ്‌പോർട്ട് ഓഫീസിൽ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ ആളുകൾ എത്തുന്നത്.
2. പത്തനംതിട്ടയിലെ തിരക്കുകാരണം ചിലർ കൊല്ലം പാസ്പോർട്ട് സേവാ കേന്ദ്രത്തെ ആശ്രയിക്കാറുണ്ട്.
3. തിരുവനന്തപുരം റീജിയണൽ പാസ് പോർട്ട് ഒാഫീസിന്റെ പരിധിയിലാണ് പത്തനംതിട്ട പാസ്പോർട്ട് സേവാകേന്ദ്രം
------------------------
തുടങ്ങിയത് 2017ൽ
--------------------
രേഖകൾ ഹാജരാക്കാൻ എത്തുന്നവർക്ക് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ മാന്യമായ പരിഗണന ലഭിക്കാറില്ല. മണിക്കൂറുകൾ കാത്തു നിൽക്കണം.
അജിത് കുമാർ, കോന്നി