റാന്നി : ചെത്തോങ്കര - അത്തിക്കയം റോഡിന്റെ വശം മരക്കുറ്റി നിലനിറുത്തി കോൺക്രീറ്റ് ചെയ്ത സംഭവം വിവാദമായതോടെ അധികൃതരുടെ അടിയന്തര ഇടപെടൽ. റോഡിന് മുകളിലേക്ക് ഉയർന്നുനിന്ന മരത്തിന്റെ ഭാഗം നീക്കം ചെയ്തു, ഇതോടെ അപകട ഭീഷണി ഒഴിഞ്ഞു.
മരക്കുറ്റി ഉയർന്നുനിന്നത് അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 25ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ജനപ്രതിനിധികൾ ഉൾപ്പടെ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് കഴിഞ്ഞ ദിവസം മരക്കുറ്റിയുടെ മുകൾ ഭാഗം വെട്ടിനിരപ്പാക്കി. അതേസമയം റോഡിന്റെ സംരക്ഷണ ഭിത്തിയുടെ തകരാറ് പരിഹരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ അത്തിക്കയം, പെരുനാട്, വെച്ചൂച്ചിറ, കുടമുരുട്ടി എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ചെത്തോങ്കര - അത്തിക്കയം റോഡ് ശബരിമലയുടെ മറ്റൊരു പ്രധാന ഉപവഴിയാണ്.