മാന്നാർ: ദേവസ്വം ബോർഡുകളുടെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിന് പിന്നാക്ക സമുദായ അംഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് തള്ളിക്കളഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ആവശ്യപ്പെട്ടു. സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ച് സംവരണ വിരുദ്ധ ലോബിയുടെ വക്താവായി ദേവസ്വം സെക്രട്ടറി മാറിയിരിക്കുകയാണ്. ദേവസ്വം ബോർഡുകളിലെയും ബോർഡിന്റെ അധീനതയിലുള്ള സ്‌കൂൾ, കോളേജുകളിലെയും ജീവനക്കാരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെയർമാൻ കെ. എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ പി.ബി സൂരജ്, പുഷ്പ ശശികുമാർ, അനിൽകുമാർ റ്റി.കെ, രാജേന്ദ്രപ്രസാദ് അമൃത എന്നിവർ പ്രസംഗിച്ചു.യൂണിയൻ അഡ്.കമ്മിറ്റിയംഗമായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും ഹരി പാലമൂട്ടിൽ നന്ദിയും പറഞ്ഞു.