റാന്നി : പുതിയ അദ്ധ്യയന വർഷത്തിലേക്ക് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും വൈക്കം സ്കൂളിന് മുന്നിലെ അപടകക്കെണിക്ക് പരിഹാരമില്ല. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന റാന്നി - വൈക്കം ഗവ.യു.പി എസ്സ്സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് അപടക ഭീഷണി നേരിടുന്നത്. തിരക്കേറിയ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ അമിതവേഗതയിൽ കടന്നു പോകുന്ന വാഹനങ്ങൾ സ്കൂൾ കോമ്പൗണ്ടിലേക്ക് ഏതു നിമിഷവും പതിക്കാം എന്ന സ്ഥിതിയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ബമ്പർ അടക്കമുള്ള അവശിഷ്ടങ്ങൾ സ്കൂളിന്റെ മുറ്റത്ത് വീണതാണ് ആശങ്കയ്ക്ക് കാരണം. ഇതു സംബന്ധിച്ച് ജനമൈത്രി പൊലീസ് സമിതിയും താലൂക്ക് വികസന സമിതിയിലും സ്കൂൾ അധികൃതർ പരാതി അറിയിച്ചിട്ടുണ്ട്.
ആശങ്കയിൽ രക്ഷിതാക്കൾ
റോഡ് വികസനത്തിന് സ്കൂളിന്റെ ഭൂമി വിട്ടു നൽകിയതിന് ശേഷമാണ് സ്കൂൾ കോമ്പൗണ്ടിന്റെ വിസ്തൃതി കുറഞ്ഞത്. കോമ്പൗണ്ടിനോട് ചേർന്നാണ് സംസ്ഥാന പാത കടന്നു പോകുന്നത്. ചെറു വളവിൽ വാഹനങ്ങളുടെ അമിതവേഗം മൂലം പ്രദേശത്ത് അപകടങ്ങളും പതിവാകുന്നത് ആശങ്ക വർദ്ധിക്കുന്നു.
ഫണ്ടില്ലെന്ന് കെ.എസ്.ടി.പി അധികൃതർ
സംസ്ഥാന പാതയുടെ നിർമ്മാണ ചുമതലയുള്ള കെ.എസ്.ടി.പി ക്ക് നിരവധി തവണ പരാതി നൽകിയിട്ടും സംരക്ഷണ ഇരുമ്പ് വേലി സ്ഥാപിക്കാൻ ഫണ്ടില്ലെന്നാണ് രേഖാമൂലം കിട്ടിയിരിക്കുന്ന മറുപടി. ജി.ഐ. പൈപ്പുകൾ കൊണ്ട് നടപ്പാതയ്ക്ക് സ്ഥാപിച്ചിരിക്കുന്ന വേലി കുറച്ചുഭാഗത്ത് സ്ഥാപിച്ചെങ്കിലും കോമ്പൗണ്ടിന്റെ പകുതി സ്ഥലത്തെ ഇവ നിർമ്മിച്ചിട്ടുള്ളു. ബാക്കി സ്ഥലം തുറസായി കിടക്കുകയാണ്.
................................
കഴിഞ്ഞ രണ്ട് വർഷത്തിനകം നിരവധി തവണ പരാതി നൽകിയിട്ടു നടപടി ഉണ്ടായിട്ടില്ല. അടിയന്തരമായി വിഷയത്തിൽ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടണം
(സ്കൂൾ അധികൃതർ)
......................
സ്കൂളിൽ 280 കുട്ടികൾ
സ്കൂൾ സ്ഥിതി ചെയ്യുന്നത് 15 അടി താഴ്ചയിൽ
വേഗനിയന്ത്രണ സംവിധാനങ്ങളോ അപകട മുന്നറിയിപ്പ് ബോർഡുകളോ ഇല്ല