അടൂർ : മഴ ശക്തമായതോടെ ഏനാത്ത് ടൗണിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. വെള്ളം ഒഴുകിപോകാൻ മാർഗങ്ങളില്ലാത്തതാണ് കാരണം. തേക്കുംമൂട് മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ ചെറിയ മഴ പെയ്‌താൽ പോലും റോഡിൽ വെള്ളം നിറയും. കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇരുവശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ റോഡിലേക്ക് കയറി നടക്കേണ്ടിയുംവരും. വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിക്കുന്നതും പതിവ് പ്രശ്നമാണ്.
ഏഴംകുളം - ഏനാത്ത് റോഡിൽ നിന്ന് ഒഴുകി എത്തുന്ന വെള്ളം ഓൾഡ് എം.സി റോഡ് - ഏനാത്ത് ജംഗ്‌ഷൻ റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്.
പ്രശ്നം അടഞ്ഞ ഒാടകൾ
ടൗണിലെ ഓടകൾ മാലിന്യവും മണ്ണും നിറഞ്ഞ് അടഞ്ഞതിനാൽ മഴ പെയ്താൽ നിറഞ്ഞ് കവിഞ്ഞ് റോഡിൽ വെള്ളക്കെട്ടുണ്ടാകും. തകർച്ചയുടെ വക്കിലായ ഒാടകൾ നവീകരിച്ചാൽ മാത്രമേ വെള്ളം സുഗമമായി ഒഴുകിപോകൂ. നിലവിലെ ഓടകൾ വളരെ പഴക്കം ചെന്നതായതിനാൽ മാലിന്യം നീക്കത്തിന് ശ്രമിച്ചാൽ തകരാൻ സാദ്ധ്യതയുണ്ട്.
ഒറ്റമഴയിൽ റോഡ് മുങ്ങും, വ്യാപാരികൾ ദുരിതത്തിൽ,
പരിഹാരം ഓട നവീകരണം
ഓട നവീകരണത്തിനായി നവകേരള സദസിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പി.ഡബ്ലിയു.ഡി അടൂർ ഡിവിഷനിൽ നിന്ന് എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതിക്കായി അയച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഉടൻ ഓടയുടെ പണി തുടങ്ങും .
അഡ്വ : എ.താജുദീൻ
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ,
ഏഴംകുളം പഞ്ചായത്ത്
മഴവെള്ളത്തിനൊപ്പം ചന്തയിലെ മാലിന്യങ്ങൾ ടൗണിലേക്ക് ഒഴുകിയെത്തും. ചുറ്റുമുള്ള കിണറുകൾ മലിനമാകുന്നുണ്ട്. വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. അടിയന്തരമായി പരിഹാരം കാണണം .
അനിൽ ഏനാത്ത്
ബി.ജെ.പി അടൂർ മണ്ഡലം സെക്രട്ടറി