k-v-sambadevan
കെ.വി സാംബദേവൻ

ആറന്മുള: കഴിഞ്ഞ കാലങ്ങളിലെ അപാകതകളും പരാതികളും പരിഹരിച്ച് പാരമ്പര്യത്തനിമയിൽ വഴിപാട് വള്ളസദ്യകളും അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി ജലമേളയും ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്ന് ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാംബദേവൻ പറഞ്ഞു.1988 മുതൽ 27 വർഷം തുടർച്ചയായി പള്ളിയോട സേവാസംഘത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം ഒൻപതു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും പള്ളിയോട സേവാസംഘം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

വഴിപാട് വള്ളസദ്യാ കാലയളവിൽ ആറന്മുളയിലുണ്ടാകുന്ന പാർക്കിംഗ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനായി ക്ഷേത്രത്തിനു സമീപത്തുതന്നെ സ്ഥലം വാടകക്കെടുക്കാനാണ് ആദ്യഘട്ടത്തിൽ ആലോചിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന് ദേവസ്വം ബോർഡിന്റെ ഭൂമി ലഭ്യമാക്കാനുള്ള ശ്രമവും ഉതോടൊപ്പം നടത്തും.

500ലധികം വള്ളസദ്യയാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഇവിടെ ഉണ്ടാകുന്ന ജൈവമാലിന്യം ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ച് ഗ്യാസും വളവുമാക്കി മാറ്റാനുള്ള പദ്ധതി പള്ളിയോട സേവാസംഘം നേരത്തെ തയ്യാറാക്കിയിരുന്നു. യു.എൻ.ടി.പി ഇതിനായി 6ലക്ഷം രൂപ അനുവദിച്ചെങ്കിലും പിന്നീട് മുന്നോട്ടു പോകാൻ കഴിഞ്ഞില്ല.

നിലവിൽ സംസ്ഥാന സർക്കാരിന്റെ സഹായം മാത്രമാണ് ക്ഷേത്രത്തിന് ലഭിക്കുന്നത്. ഈ ഫണ്ടുപയോഗിച്ചാണ് ഉത്രട്ടാതി ജലമേള നടത്തുന്നത്. വഴിപാട് വള്ള സദ്യയിലൂടെ ലഭിക്കുന്ന തുകയാണ് പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റായി നൽകുന്നത്. ഇതോടൊപ്പം കേന്ദ്രസർക്കാറിന്റെ ഗ്രാന്റിനുള്ള ശ്രമം നടത്തും

ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ പുതുതലമുറയിൽപ്പെട്ടവർക്ക് വഞ്ചിപ്പാട്ട് കളരി സംഘടിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ തുഴച്ചിൽകാർക്ക് പാരമ്പര്യ തനിമ നിലനിർത്തി മത്സരവള്ളംകളിക്കും തുഴയെറിയാനുള്ള പരിശീലനം നൽകും. തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തും

വള്ളംകളി നടത്താൻ നദിയിൽ 4മുതൽ 6 അടി വെള്ളമാണ് വേണ്ടത്. ജലം കുറവുള്ള ഘട്ടത്തിൽ മൂഴിയാർ മണിയാർ ഡാമുകളിലെ ജലം തുറന്നുവിട്ടാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതു കൂടാതെ റബർഡാം നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഇത് ശാസ്തീയമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 25 മുതൽ 30 മീറ്റർ വീതിയുള്ളിടത്തുമാത്രമെ ഇത് പ്രായോഗികമാകുള്ളു. ജലമേളയുടെ ഫിനിഷിംഗ് പോയിന്റിൽ 220 മീറ്റർ വീതിയാണുള്ളത്. ബ്രിഡ്ജ് കം സ്പിൽവേ സ്ഥാപിച്ചാൽ ആവശ്യമുള്ള സമയങ്ങളിൽ ഷട്ടറുകൾ താഴ്ചി ജലവിതാനം ക്രമീകരിക്കാൻ കഴിയും. ഇതിനായി സർക്കാറിന്റെ സഹായം തേടും.