ചെങ്ങന്നൂർ: വേനൽ ആയാലും മഴയായാലും അതൊന്നും തന്നെ പച്ചക്കറി വിലയെ ബാധിക്കില്ലെന്ന അവസ്ഥയാണിപ്പോൾ. പാവയ്ക്കയുടെയും അച്ചിങ്ങാപ്പയറിന്റെയും എല്ലാം വില മൂന്നക്കം തൊട്ടിട്ട് നാളുകളായി. ബീൻസാണെങ്കിൽ അതുക്കും മേലെ. 240 ലെത്തി. ചെറുനാരങ്ങ 170 ആയി. ചേനയും ചേമ്പും പച്ചമുളകും നൂറുകടന്നു. വെണ്ടയും കോവയ്ക്കയും 70 കടന്നു. തക്കാളിയും ഉരുളക്കിഴങ്ങും വഴുതനയും കാബേജും നാല്‌പതിനും അമ്പതിനുമിടയിൽ , ആശ്വാസമായി നില്ക്കുന്നു. അതിലും താഴെ നില്ക്കുന്നത് വെള്ളരിയും കുമ്പളങ്ങയും മാത്രം. ഭേദം ചിക്കനാണെന്ന് കരുതിയാൽ, അതിനും വില ഇരുന്നൂറിനടുത്ത്. ചില്ലറ വിപണിയിൽ കിലോ 170-190 രൂപയിൽ പോയാൽ ഇരുനൂറും മുന്നൂറും കടന്നുള്ള കണക്കുകൾ മാത്രമേ കേൾക്കാനുള്ളൂ. മീനിന്റെ കാര്യത്തിൽ കാലാവസ്ഥാമാറ്റം കാരണം ലഭ്യത കുറഞ്ഞതാണ് പ്രശ്‌നം. ഇനി വരാൻ പോകുന്നത് ട്രോളിംഗ് നിരോധനക്കാലമാണ്. അതിനാൽ ക്ഷാമം കൂടാനാണ് സാദ്ധ്യത.

വിലകൂടാൻ കാരണം കൃത്രിമക്ഷാമമോ..?

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ ഉല്‌പാദനം കൂടിയാലും കുറഞ്ഞാലും ഇടനിലക്കാർ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂട്ടുകയാണെന്ന പരാതി വ്യാപാരികൾ തന്നെ ഉന്നയിക്കുന്നു. നാടൻ പച്ചക്കറികൾ വിപണിയിലെത്തുന്ന സമയത്ത് പെട്ടെന്നുതന്നെ വില താഴുന്നതും ഇടനിലക്കാരുടെ സൃഷ്ടിയാണ്.

...................................

ചിക്കന്റെ കാര്യത്തിൽ പക്ഷിപ്പനി കാരണം കോഴികൾ ചത്തൊടുങ്ങിയതും , ചിക്കന്റെ ലഭ്യത കുറവും വില കൂടുവാൻ കാരണമായി . ഇനി അന്യ സംസ്ഥാനത്ത് നിന്ന് കൂടുതൽ കോഴികളെ ഇറക്കിയാൽ മാത്രമെ വില കുറയുവാൻ സാദ്ധ്യതയുള്ളു.

വിൽസൻ

(കോഴിക്കട ഉടമ)

..................................................

വിലവിവരം (കിലോ)

ഏത്തയ്ക്ക - 75,​ വെണ്ടയ്ക്ക - 70,​ കുക്കുമ്പർ - 70,​കൊച്ചുള്ളി - 80,​ ക്യാരറ്റ് - 75,​ ചേന - 110,​ പയർ - 100,​ചേമ്പ് - 100
കൂർക്ക - 110,​ കാച്ചിൽ - 100,​ പാവയ്ക്ക - 100,​മുളക് - 120,​ ഇഞ്ചി - 180,​ ചെറുനാരങ്ങ - 170,​ വെളുത്തുള്ളി - 280,​ തക്കാളി - 45
വെള്ളരി - 40,​കിഴങ്ങ് -50,​ തേങ്ങ -45
........................

ചിക്കൻ (കിലോ)​ 170-മുതൽ 190